ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു….. സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു



        

കാസർകോട്: ക്രിക്കറ്റ് കളിക്കിടയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. കാസർകോട് ബദിയടുക്കയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുമ്പഡാജെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. സുരേഷിന്റെ മകനുമായുണ്ടായ തർക്കമാണ് ഒടുവിൽ അച്ഛന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. കളി നടക്കുന്നതിനിടെ സുരേഷിന്റെ മകനുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. അന്ന് അവിടെവെച്ച് തീർന്ന തർക്കത്തിന്റെ തുടർച്ചയായാണ് രാത്രിയോടെ അക്രമമുണ്ടായത്. രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപത്ത് നിൽക്കുകയായിരുന്നു സുരേഷിനെ പ്രതിയായ കിരൺ പിച്ചാത്തി (കത്തി) കൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് അഖിലേഷ് കൂട്ടുനിൽക്കുകയും ചെയ്തുവെന്ന് പൊലീസ് വിശദമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന സുരേഷിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുരേഷിന്റെ മകൻ സുഭാഷ് നൽകിയ കൃത്യമായ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് ബദിയടുക്ക പൊലീസ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. തുടനടപടികൾ പുരോഗമിക്കുകയാണ്.


أحدث أقدم