അയർക്കുന്നം: കോട്ടയം - പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അനീഷ് മാത്യു ഉൾപ്പെടെ പത്തുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കെഴുവൻകുളം സ്വദേശി അഖിൽ, അങ്കമാലി സ്വദേശി മാർട്ടിൻ, കിടങ്ങൂർ സ്വദേശിനി ജാൻസി, അയർക്കുന്നം സ്വദേശി ബെന്നി, മാന്നാനം സ്വദേശി സോമൻ, വലവൂർ സ്വദേശി ഗോപാലൻ, കൊങ്ങാണ്ടൂർ സ്വദേശികളായ രാമൻ നായർ, ഭാരതി, പാമ്പാടി സ്വദേശി മേൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്. മറ്റുള്ളവരുടെ പേര് വിവരം ലഭ്യമല്ല
ഇന്ന് വൈകുന്നേരം 5.20 ഓടെ അയർക്കുന്നം കൊങ്ങാണ്ടൂർ കള്ളുഷാപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഈ റൂട്ടിൽ ഓടുന്ന 'എവറസ്റ്റ്' എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ കുറച്ചുപേരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും, മറ്റുള്ളവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് കോട്ടയം - പാലാ റോഡിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത് ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന പ്രാധമിക വിവരം