കെ എസ് ആർ ടി സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര എങ്ങനെ?
കെ എസ് ആർ ടി സി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെ എസ് ആർ ടി സിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എ സി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. പ്രഖ്യാപനത്തിന്‍റെ ആവേശത്തിലാണ് സ്ത്രീകൾ എന്നതിനാൽ തന്നെ സർക്കാർ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം. ഇന്നത്തെ യോഗത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഗതാഗത മന്ത്രി പങ്കെടുക്കുമോ എന്നതിലും ആകാംക്ഷയുണ്ട്. സി പി ജോണിനാണ് ചുമതലയെന്നാണ് വിവരം. ഇന്നലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം വാർത്ത നിഷേധിച്ചിട്ടില്ല.