ഒരു ആധാറിൽ രണ്ട് കണക്ഷൻ വേണം….. പ്രധാനമന്ത്രിക്ക് കത്തയച്ച് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ


കൊച്ചി: ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിൽ താമസിക്കുന്നവർക്ക് സ്വന്തം ഗ്രാമത്തിലെ വീട്ടിലും നഗരത്തിലെ താമസസ്ഥലത്തും വെവ്വേറെ പാചകവാതക കണക്ഷനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആധാർ നമ്പറും മൊബൈൽ നമ്പറും മാത്രം മാനദണ്ഡമാക്കി ഗ്യാസ് കമ്പനികൾ ഉപഭോക്താക്കളുടെ കണക്ഷനുകൾ നിയമവിരുദ്ധമായി ബ്ലോക്ക് ചെയ്യുന്നുവെന്ന് സംഘടന ആരോപിക്കുന്നു.

പുതിയ കണക്ഷനായി അപേക്ഷിക്കുമ്പോൾ, അതേ ആധാർ നമ്പറോ ഫോൺ നമ്പറോ മുൻപ് മറ്റൊരു കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച് അപേക്ഷകൾ നിരസിക്കപ്പെടുകയാണ്. ഇത് ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും താമസ സൗകര്യങ്ങൾ വ്യത്യസ്തമായി പരിഗണിക്കണമെന്നും, ആവശ്യമുള്ളവർക്ക് രണ്ട് കണക്ഷനുകൾ നിലനിർത്താൻ കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നുമാണ് സംഘടനയുടെ ആവശ്യം. അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ എം.ഇ. വെട്ടത്തും സെക്രട്ടറി ജിമ്മി ജോർജും ചേർന്നാണ് പരാതി നൽകിയത്. മൾട്ടിപ്പിൾ കണക്ഷൻ എന്ന പേരിൽ അർഹമായ ആനുകൂല്യങ്ങൾ തടയുന്ന കമ്പനികളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

أحدث أقدم