പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു…. വിയോഗം ഫ്ലാറ്റിലെ വീഴ്ചയെ തുടർന്ന്


തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണതുണ്ടായ പരിക്കുകളാണ് മരണകാരണമായത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ വെച്ച് നടന്നു. സജി നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ ചലച്ചിത്ര ലോകം കനത്ത ദുഃഖത്തിലാണ്.

Tourist Destinations

മുംബൈയിലും ദുബായിലും പരസ്യചിത്ര രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സജി നായർ, വിഖ്യാത സംവിധായകൻ ഷാജി എൻ. കരുണിന്റെ ‘സ്വപാനം’ എന്ന ചിത്രത്തിലൂടെയാണ് മലയാളി സിനിമാ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിലെ ദൃശ്യമികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനതായ ദൃശ്യഭാഷയിലൂടെ മലയാള സിനിമയിലും ഡോക്യുമെന്ററി രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സജി നായർക്ക് സാധിച്ചു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ, വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻഹോൾ’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സജി നായരായിരുന്നു.ഗോപി കുട്ടിക്കോൽ സംവിധാനം ചെയ്ത ‘അരയാക്കടവിൽ’, ‘ബീരൻ’ എന്നീ ചിത്രങ്ങളിലും അദ്ദേഹം തന്റെ ഛായാഗ്രഹണ മികവ് പുലർത്തി. ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ‘ഒരേ ഉടൽ’ എന്ന ഷോർട്ട് ഫിലിമിനും, ഇന്ത്യൻ പനോരമ സെലക്ഷൻ ലഭിച്ച പ്രശസ്ത ഡോക്യുമെന്ററി ‘അന്യർ’ എന്ന ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അദ്ദേഹമാണ്. സജി നായരുടെ വിയോഗത്തിൽ ഫെഫ്ക (FEFKA) ഡയറക്ടേഴ്‌സ് യൂണിയൻ ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘടനകളും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിക്കുകയും കടുത്ത അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

أحدث أقدم