തിങ്കളാഴ്‌ച വൈകീട്ട് 5.45-നാണ് സംഭവം. തൃപ്രയാറിൽനിന്ന് തൃശ്ശൂരിലേക്ക് ബസിൽ കയറിയതാണ് തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. സി.വി. മഞ്ജുള. കണ്ടക്ടർ ടിക്കറ്റ് നൽകുന്നതിനിടെ ബസ് തൃശ്ശൂരിലേക്ക് പോകില്ലെന്നും എല്ലാവരും കാഞ്ഞാണിയിൽ ഇറങ്ങണമെന്നും പറഞ്ഞു. ഇതു കേട്ടതോടെ യാത്രക്കാർ എതിർപ്പുമായെത്തി. തൃശ്ശൂരിലേക്ക് ബോർഡ് വെച്ചിട്ട് കാഞ്ഞാണിയിൽ ഇറങ്ങണമെന്ന് പറയുന്നത് ശരിയല്ലെന്ന് തർക്കിച്ചു. ഇറക്കിവിടുന്നത് ശരിയല്ലെന്നും വാദിച്ചു.
ഇതിനിടെ പെർമിറ്റ് തൃശ്ശൂർക്കല്ലേ എന്ന് ജോയിന്റ് ആർ.ടി.ഒ.യും ചോദിച്ചു. എന്നാൽ, ധാർഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു കണ്ടക്ടറിൽനിന്നുണ്ടായത്. കാഞ്ഞാണിയിൽ ഇറക്കിവിടുമെന്നും കണ്ടക്ടർ ഭീഷണി മുഴക്കി. പാതിവഴിയിൽ ഇറങ്ങാൻ സാധിക്കില്ലായെന്ന് ജോയിന്റ് ആർ.ടി.ഒ.യും യാത്രക്കാരും ഉറച്ച നിലപാടെടുത്തു. നിവൃത്തിയില്ലാതെ ജീവനക്കാർക്ക് തൃശ്ശൂർ വരെ സർവീസ് നടത്തേണ്ടിവന്നു. ഇതിനിടെ മറ്റ് നിയമലംഘനങ്ങളും ജോയിന്റ് ആർ.ടി.ഒ. കണ്ടെത്തി. തൃപ്രയാറിൽനിന്ന് തൃശ്ശൂർ വരെ ബസിന്റെ വാതിൽ അടച്ചിരുന്നില്ല.
കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ഡോർ ചെക്കറാണ് കണ്ടക്ടറുടെ ജോലിചെയ്തിരുന്നത്. ടിക്കറ്റ് എങ്ങനെ കൊടുക്കണം, ടിക്കറ്റ് യന്ത്രം എങ്ങനെ പ്രവർത്തിപ്പിക്കണം എന്നതൊന്നും കണ്ടക്ടർക്ക് അറിയില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ജി. നിശാന്ത് അന്വേഷണം നടത്തി.
അന്വേഷണത്തിൽ നിയമലംഘനങ്ങൾ നടന്നതായി ബോധ്യപ്പെട്ടു. ബസ് പാതിവഴിയിൽ സർവീസ് നിർത്തുന്നത് പതിവാണെന്നും കണ്ടെത്തി. തുടർന്നാണ് പിഴ ചുമത്തിയതും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആരിഫിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതും.