തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ അതൃപ്തിയിൽ പ്രതികരണവുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. രാഷ്ട്രീയത്തിൽ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നും ചെന്നിത്തലയുടെ പിണക്കം സ്വാഭാവികമാണെന്നും അത് ദിവസങ്ങൾക്കുള്ളിൽ മാറുമെന്നും സുധാകരൻ പറഞ്ഞു.Geographic Reference
ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടും. താൻ നേരിട്ട് ചെന്നിത്തലയെ കാണുമെന്നും സുധാകരൻ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് ആർക്ക് നൽകണമെന്നത് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കെ.സി. വേണുഗോപാൽ പക്ഷത്തിന് എത്ര മന്ത്രിമാരുണ്ടാകുമെന്ന ചോദ്യത്തിന് “അത് എണ്ണി നോക്കേണ്ടി വരും” എന്നായിരുന്നു സുധാകരന്റെ രസകരമായ മറുപടി. യുഡിഎഫ് വരും ദിവസങ്ങളിൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
ഗുരുവായൂർ സന്ദർശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തലയ്ക്ക് പ്രവർത്തകർ വികാരനിർഭരമായ സ്വീകരണമാണ് നൽകിയത്. മുദ്രാവാക്യം വിളികളോടെയും ചുംബനങ്ങൾ നൽകിയും പ്രവർത്തകർ അദ്ദേഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ചെന്നിത്തല കടുത്ത അവഗണനയാണ് നേരിട്ടതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു. അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഒപ്പം നിൽക്കുമെന്നാണ് പ്രവർത്തകരുടെ പക്ഷം. എന്നാൽ, പാർട്ടിയാണ് പ്രധാനമെന്നും നിലവിൽ പ്രതിഷേധങ്ങൾക്കൊന്നും മുതിരരുതെന്നും ചെന്നിത്തല പ്രവർത്തകർക്ക് നിർദ്ദേശം നൽകി.