
കാസർകോട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. കർണാടക പുത്തൂർ സ്വദേശിനിയും കാസർകോട് പള്ളപ്പാടിയിൽ ഭർത്താവിനൊപ്പം താമസക്കാരിയുമായ സെറീന (27) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ ഭർതൃമാതാവ് സെറീനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് സെറീനയെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരം ഭർത്താവിന്റെ വീട്ടുകാർ തന്നെയാണ് ഫോൺ വഴി സെറീനയുടെ ബന്ധുക്കളെ അറിയിച്ചത്. മറ്റു ആളുകളുടെ മുന്നിൽ വെച്ച് ഭർതൃമാതാവ് സെറീനയെ സ്ഥിരമായി അപമാനിക്കാറുണ്ടായിരുന്നുവെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു. ഈ ക്രൂരമായ മാനസിക പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് സെറീന ജീവനൊടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)