പതിനെട്ട് വയസിന് മുമ്പ് ലൈസൻസ്; പേരിനൊപ്പം പദവിയും; എംഎൽഎ സ്ഥാനത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസും തെറിക്കുമോ?





മുൻ ഗതാഗതമന്ത്രിയും മുൻ എം.എൽ.എയുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം ചേർത്തിരുന്ന ‘എം.എൽ.എ.’ എന്ന വിശേഷണം നീക്കാൻ മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി. ഔദ്യോഗിക തിരിച്ചറിയൽ രേഖകളിലുള്ള പേരായിരിക്കണം ഡ്രൈവിങ് ലൈസൻസിലുമുള്ള പേര് എന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.

നിശ്ചിത കാലാവധിയുള്ള പദവികൾ ഔദ്യോഗിക രേഖകളിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് പതിവല്ല. 2028 ജൂലൈ 10 വരെ കാലാവധിയുള്ള ഗണേഷ്‌കുമാറിന്റെ ലൈസൻസിൽ ഇപ്പോഴും ‘എം.എൽ.എ.’ എന്ന വിശേഷണം തുടരുന്നതാണ് വിവാദമായത്. എന്നാൽ, അദ്ദേഹം അംഗമായിരുന്ന നിയമസഭയുടെ കാലാവധി ഇതിനകം അവസാനിച്ചിട്ടുണ്ട്.

2019-ൽ ‘സാരഥി’ സോഫ്റ്റ്‌വേർ നിലവിൽ വരുന്നതിനുമുമ്പാണ് ലൈസൻസിൽ ഈ മാറ്റം വരുത്തിയതെന്നാണ് സൂചന. വിഷയത്തിൽ ഗണേഷ്‌കുമാറിൽ നിന്ന് വിശദീകരണം തേടാനാണ് മോട്ടോർവാഹനവകുപ്പിന്റെ നീക്കം.

ഇതിനൊപ്പം, 18 വയസ് തികയുന്നതിനുമുമ്പ് ഗണേഷ്‌കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് തെളിഞ്ഞാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്ന വ്യവസ്ഥ നിലവിലുണ്ട്. തുടർ നടപടികൾക്കായി വകുപ്പ് നിയമോപദേശം തേടും.
أحدث أقدم