അന്യഗ്രഹജീവികളോ അതോ ചാര സാങ്കേതികവിദ്യയോ?; പറക്കും തളികകൾ വെറും കഥയല്ല, ആകാശത്തെ ദുരൂഹത സ്ഥിരീകരിച്ച് അമേരിക്ക



വാഷിങ്ടൻ:  ലോകമെമ്പാടുമുള്ള
ശാസ്ത്രജ്ഞരെയും പൊതുജനങ്ങളെയും ഒരേപോലെ ആകർഷിച്ചുകൊണ്ട്, യുഎഫ്ഒകളെ കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ അമേരിക്കൻ സർക്കാർ പരസ്യമാക്കി.
പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദേശപ്രകാരം നടപ്പിലാക്കിയ 'PURSUE' പദ്ധതിയുടെ ഭാഗമായാണ് പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന നിർണായക വിവരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.
പെന്റഗണിന് കീഴിലുള്ള AARO (All-domain Anomaly Resolution Office) ശേഖരിച്ച നൂറുകണക്കിന് ഔദ്യോഗിക രേഖകൾ, എഫ്.ബി.ഐയുടെ ഫയലുകൾ, നാസ ബഹിരാകാശ സഞ്ചാരികളുടെ ഓഡിയോ റെക്കോർഡിങ്ങുകൾ, യുഎസ് സൈന്യം പകർത്തിയ വിചിത്രമായ വിഡിയോ ദൃശ്യങ്ങൾ എന്നിവയാണ് ഇപ്പോൾ war.gov/ufo എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്തുവിട്ടിരിക്കുന്നത്. യുഎസ് ഇന്റലിജൻസും സൈന്യവും റഡാറുകൾ വഴിയും ക്യാമറകൾ വഴിയും രേഖപ്പെടുത്തിയ കൃത്യമായ ഡേറ്റ പ്രകാരം ഈ അജ്‌ഞാത വസ്തുക്കൾക്ക് പൊതുവായ ചില സവിശേഷതകളുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ 40 ശതമാനത്തോളം വിചിത്ര വസ്തുക്കളും തിളങ്ങുന്ന പന്തുകൾ പോലുള്ള (ഗോളാകൃതി) രൂപത്തിലുള്ളവയാണ്.

ഇവ സാധാരണയായി 15,000 അടി മുതൽ 25,000 അടി വരെ ഉയരത്തിലാണ് സൈനിക-വാണിജ്യ വിമാനങ്ങളുടെ പാതയിൽ പ്രത്യക്ഷപ്പെടുന്നത്. ഭൂമിയിലെ നിലവിലുള്ള ഒരു സാങ്കേതികവിദ്യക്കും സാധ്യമല്ലാത്ത വിധം പെട്ടെന്ന് വേഗത കൂട്ടാനും, വായുവിൽ നിന്ന് നേരിട്ട് കടലിലേക്ക് ഒന്നിച്ച് സഞ്ചരിക്കാനും ഇവയ്ക്ക് സാധിക്കുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന് ഉദാഹരണമായി, ഒക്ടോബർ 2023-ൽ ഒരു വലിയ ഓറഞ്ച് ഗോളത്തിൽ നിന്ന് ചെറിയ ചുവന്ന ഗോളങ്ങൾ പുറത്തേക്ക് വരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ച സംഭവം എ.എ.ആർ.ഒ ഡയറക്‌ടർ ഒപ്പുവച്ച റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നുണ്ട്


എന്നാൽ, യുഎഫ്ഒകൾ അന്യഗ്രഹ ജീവികളുടേതാണോ എന്ന ചോദ്യത്തിന് ശാസ്ത്രീയമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നാസയോ പെന്റഗണോ ഭൗമേതര സാങ്കേതികവിദ്യയോ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയമായി പരിശോധിച്ചതിൽ ഭൂരിഭാഗം കേസുകൾക്കും വ്യക്തമായ വിശദീകരണമുണ്ട്. അന്വേഷണം പൂർത്തിയാക്കിയതിൽ 52% കേസുകൾ കാലാവസ്ഥാ ബലൂണുകളും, 32% കേസുകൾ
 സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹങ്ങളുടെ പ്രകാശ പ്രതിഫലനവും, 7.8% ഡ്രോണുകളുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും, റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ 40 ശതമാനത്തോളം പ്രതിഭാസങ്ങൾക്ക് ഇപ്പോഴും കൃത്യമായ വിശദീകരണം നൽകാൻ അമേരിക്കൻ ശാസ്ത്രജ്‌ഞർക്കോ സൈന്യത്തിനോ കഴിഞ്ഞിട്ടില്ല എന്നത് ദുരൂഹതയായി തുടരുന്നു.


അമേരിക്കൻ സെനറ്റിലെ പുതുതായി രൂപീകരിച്ച 'UAP സയൻസ് അഡ്വൈസറി കൗൺസിൽ' നൽകുന്ന സൂചന പ്രകാരം, ഈ വിശദീകരിക്കാനാകാത്ത വസ്തുക്കൾ ഒന്നുകിൽ ശാസ്ത്രലോകം ഇനിയും കണ്ടെത്താത്ത പ്രകൃതി പ്രതിഭാസങ്ങളോ, അല്ലെങ്കിൽ ശത്രുരാജ്യങ്ങൾ വികസിപ്പിച്ചെടുത്ത അതീവ രഹസ്യമായ ചാര സാങ്കേതികവിദ്യയോ ആകാനാണ് സാധ്യത. ആകാശത്ത് വിചിത്രമായ വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നത് റഡാർ-വിഡിയോ ദൃശ്യങ്ങൾ വഴി യുഎസ് സർക്കാർ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ടെങ്കിലും, അവ  അന്യഗ്രഹ ജീവികളുടേതാണെന്ന വാദത്തിന് നിലവിൽ യാതൊരു ശാസ്ത്രീയ തെളിവുകളുമില്ല

أحدث أقدم