നീറ്റ് പരീക്ഷാ അട്ടിമറി…. അന്വേഷണം സിബിഐക്ക് വിട്ടു….. ‘ഗസ് പേപ്പർ’ രഹസ്യം തേടി കേന്ദ്രം


ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി (NEET UG 2026) പരീക്ഷാ ക്രമക്കേടിൽ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. പരീക്ഷാ അട്ടിമറിക്ക് പിന്നിലെ സംഘടിത നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേസ് സിബിഐക്ക് കൈമാറി. പരീക്ഷയ്ക്ക് ഒരു മാസം മുൻപേ പ്രചരിച്ച 410 ചോദ്യങ്ങളടങ്ങിയ കൈയെഴുത്ത് ‘ഗസ് പേപ്പറിൽ’ നിന്ന് 120 കെമിസ്ട്രി ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ അതേപടി വന്നത് എങ്ങനെയെന്ന് സിബിഐ പരിശോധിക്കും.

ചോദ്യപേപ്പർ അച്ചടിച്ച പ്രസ്സിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധനയുണ്ടാകും. എൻടിഎ (NTA) തങ്ങളുടെ പക്കലുള്ള എല്ലാ രേഖകളും സിബിഐക്ക് കൈമാറും. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പുനഃപരീക്ഷാ തിയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതുന്നവർ പുതിയ രജിസ്‌ട്രേഷനോ ഫീസോ നൽകേണ്ടതില്ല. റദ്ദാക്കിയ പരീക്ഷയുടെ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ചുനൽകുമെന്നും എൻടിഎ വ്യക്തമാക്കി. മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ക്രമക്കേടുകൾ നാല് ദിവസത്തിന് ശേഷമാണ് പുറത്തുവന്നത്. രാജസ്ഥാൻ പോലീസിന്റെ അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

أحدث أقدم