
ബലിപെരുന്നാൾ ആഘോഷങ്ങളിൽ, വിപണിയിലെ വിലക്കയറ്റം തടയാൻ ഇടപെടലുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങൾക്ക് കെങ്കേമമാക്കാൻ പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ‘ബക്രീദ് സ്‌പെഷ്യൽ കിറ്റ്’ സപ്ലൈകോ വിപണിയിലെത്തിച്ചു. മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകൾ വഴി പൊതുജനങ്ങൾക്ക് കിറ്റുകൾ ലഭിക്കും.
മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കൻ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോൾ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.വിപണിയിൽ 1101 രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് പെരുന്നാൾ പ്രമാണിച്ച് 850 രൂപക്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്. പൊതുവിപണിയിലെ കൊള്ളവിലയിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുക ലക്ഷ്യമിട്ടുള്ള സപ്ലൈകോയുടെ പെരുന്നാൾ കിറ്റുകൾ മേയ് 26 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു.