
കാസർകോട്: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നിരീക്ഷകർ തയ്യാറാക്കിയ എംഎൽഎമാരുടെ പിന്തുണപ്പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് ഉദുമ എംഎൽഎ കെ. നീലകണ്ഠൻ പ്രതിഷേധം അറിയിച്ചത്. പട്ടികയിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട പട്ടികയിൽ ആദ്യപ്പേര് നീലകണ്ഠന്റേതാണെങ്കിലും അദ്ദേഹത്തിന്റെ ‘പ്രിഫറൻസ്’ കോളത്തിൽ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല.
തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അത് നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും നീലകണ്ഠൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിന് അദ്ദേഹം മെയിൽ അയച്ചു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവരുടെ വിവരങ്ങൾ പട്ടികയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയതാണോ എന്ന ആക്ഷേപം കോൺഗ്രസ് ക്യാമ്പുകളിൽ ശക്തമാണ്. നീലകണ്ഠൻ സതീശനെയാകാം പിന്തുണച്ചത് എന്ന അഭ്യൂഹങ്ങളും പടരുന്നുണ്ട്