“അണികൾ ക്ഷുഭിതരാകും, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ കണ്ടില്ലേ?”….. ഇഡി വണ്ടി തകർത്തതിനെ ന്യായീകരിച്ച് CPIM നേതാക്കൾ




        

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ സി.പി.ഐ.എം പ്രവർത്തകരെ പൂർണ്ണമായി ന്യായീകരിച്ച് പാർട്ടിയിലെ മുതിർന്ന നേതാക്കൾ രംഗത്ത്. വധശ്രമത്തിന് പോലീസ് കേസെടുക്കുകയും 11 പേർ അറസ്റ്റിലാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇ.പി. ജയരാജൻ, വി. ശിവൻകുട്ടി, എളമരം കരീം എന്നിവർ അക്രമത്തെ ‘സ്വാഭാവിക പ്രതികരണം’ എന്ന് വിശേഷിപ്പിച്ചത്.

ഇ.ഡി കാറിന് നേരെയുണ്ടായ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ പറഞ്ഞു. രാഷ്ട്രീയത്തിൽ തങ്ങൾക്ക് പ്രിയപ്പെട്ട നേതാക്കളെ ഇത്തരത്തിൽ ബോധപൂർവ്വം അപമാനിക്കാൻ നോക്കിയാൽ അണികൾ ക്ഷുഭിതരാകുന്നത് സ്വാഭാവികമാണ്. പണ്ട് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജ്യത്ത് നടന്നത് നമ്മൾ കണ്ടതല്ലേ? ഇ.ഡി റെയ്ഡ് നടത്തണമെങ്കിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനെ മുൻകൂട്ടി അറിയിച്ചിരിക്കണം. എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. രാജ്യത്ത് വർഗ്ഗീയ അജണ്ട നടപ്പിലാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. അതിന് അനുകൂലമായ നിലപാടാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്.” — ഇ.പി. ജയരാജൻ.

ഉദ്യോഗസ്ഥർക്കെതിരായ അതിക്രമം സ്വാഭാവികമായ ഒരു പ്രതിഷേധം മാത്രമാണെന്നാണ് മുൻ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താൻ പാർട്ടിക്ക് യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. പുറത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനു ശേഷം മാത്രമായിരുന്നു ഉദ്യോഗസ്ഥർ പുറത്തിറങ്ങേണ്ടിയിരുന്നത്. ഈ സംഭവത്തിൽ പോലീസിനാണ് വീഴ്ച പറ്റിയത്. ഇതിനിടെ പോലീസ് പാർട്ടി ഓഫീസിൽ റെയ്ഡ് ചെയ്യാൻ ശ്രമിച്ചു. സാധാരണ ഗതിയിൽ പാർട്ടി ഓഫീസുകൾ പോലീസ് റെയ്ഡ് ചെയ്യാറില്ല. ഇന്നലെ പാർട്ടി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത വധശ്രമക്കേസുകൾ നിയമപരമായി തന്നെ നേരിടുമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം തികച്ചും ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണെന്ന് എളമരം കരീം പ്രതികരിച്ചു. കേന്ദ്ര ഇന്റലിജൻസ് പറയുന്നതുപോലെ ഇത് മുൻകൂട്ടി പ്ലാൻ ചെയ്തതല്ല, യാദൃശ്ചികമായി ഉണ്ടായതാണ്. സി.പി.ഐ.എം പ്ലാൻ ചെയ്ത് നടത്തിയ അക്രമമാണെങ്കിൽ ഇങ്ങനെയാകില്ല സംഭവിക്കുക, കേരളത്തിൽ എല്ലായിടത്തും ഇ.ഡി കാറുകൾ തകരുമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ഇ.ഡി റെയ്ഡ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണകക്ഷിയായ കോൺഗ്രസിന്റെ കൃത്യമായ അറിവോടെയും സമ്മതത്തോടെയുമാണ് ഇത് നടപ്പിലാക്കിയതെന്നും എളമരം കരീം കുറ്റപ്പെടുത്തി
أحدث أقدم