‘ഇഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിക്കുന്നവനല്ല പിണറായി…. രോമത്തിൽ തൊടാൻ കഴിയില്ല’….. എം. സ്വരാജ്


        

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിയ മിന്നൽ പരിശോധനകളിൽ കേന്ദ്ര സർക്കാരിനും കോൺഗ്രസിനുമെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. ഇ.ഡി, സി.ബി.ഐ എന്ന് കേട്ടാൽ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോൺഗ്രസ് നേതാക്കളെപ്പോലെയല്ല ഇടതുപക്ഷമെന്ന് എം. സ്വരാജ് വ്യക്തമാക്കി. ഇ.ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ രോമത്തിൽ പോലും തൊടാൻ ഇ.ഡിക്കോ അവരെ പറഞ്ഞുവിട്ടവർക്കോ കഴിയില്ലെന്നും സ്വരാജ് കോഴിക്കോട്ട് പറഞ്ഞു.

ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം നരേന്ദ്ര മോദിക്ക് അറിയില്ലെന്ന് സ്വരാജ് പരിഹസിച്ചു. ഇ.ഡി എന്നും സി.ബി.ഐ എന്നും കേട്ടാൽ വാലും ചുരുട്ടി ഓടുന്ന കോൺഗ്രസുകാരെയേ നരേന്ദ്ര മോദിയ്ക്കറിയൂ. ഹിമന്ത ബിശ്വ ശര്‍മ, സുവേന്ദു അധികാരി അങ്ങനെ എത്രയോ കോൺഗ്രസ് നേതാക്കൾ അഴിമതിക്കേസിൽ പെട്ടപ്പോൾ ബി.ജെ.പിയുടെ മുന്നിൽ മുട്ടുമടക്കി അവരുടെ പാളയത്തിലെത്തി രക്ഷപെട്ടു. എന്നാൽ അവസാന ശ്വാസം വരെ പൊരുതി നിൽക്കുന്ന ഇടതുപക്ഷത്തെ മോദിയ്ക്ക് പരിചയമില്ല. മുഖ്യമന്ത്രിയുടെ മകളാണ് വീണ എന്ന ഒറ്റ കാരണത്താൽ മാത്രം പിണറായി വിജയനെയും പാർട്ടിയെയും സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്.— എം. സ്വരാജ് പറഞ്ഞു.

ബാങ്ക് അക്കൗണ്ടിലൂടെ ആരെങ്കിലും കള്ളപ്പണം കൈമാറുമോ എന്ന് ചോദിച്ച സ്വരാജ്, ഈ കേസിൽ മാധ്യമങ്ങൾ ജനങ്ങളോട് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ജി.എസ്.ടി അടച്ചില്ലെന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ ജി.എസ്.ടി, ഐ.ജി.എസ്.ടി ഉൾപ്പെടെ എല്ലാ നികുതിയും കൃത്യമായി അടച്ചതിന്റെ രേഖകൾ പുറത്തുവന്നതാണ്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഇ.ഡിക്ക് ആകെ കിട്ടിയത് ബാങ്ക് പാസ്ബുക്ക് മാത്രമാണ്. ബാങ്ക് പാസ്ബുക്ക് എന്തെങ്കിലും രഹസ്യരേഖയാണോ? ഒടുവിൽ പരിശോധന കഴിഞ്ഞപ്പോൾ ‘ഒരു പുല്ലും കണ്ടെത്തിയില്ല’ എന്ന് ഇ.ഡിക്ക് തന്നെ എഴുതി ഒപ്പിട്ട് കൊടുക്കേണ്ടി വന്നുവെന്നും സ്വരാജ് വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സ്വരാജ് മറുപടി നൽകി. ഇ.ഡിയെ ആരും ആക്രമിച്ചിട്ടില്ലെന്നും അക്രമം എന്ന് പറഞ്ഞാൽ ഇങ്ങനെയൊന്നുമല്ലെന്നുമാണ് സ്വരാജ് വ്യക്തമാക്കിയത്. വാഹനത്തിന്റെ ചില്ല് പൊട്ടിയ സംഭവം തിരുവനന്തപുരത്താണ് ഉണ്ടായത്. അതിനെയൊന്നും പാർട്ടി സ്വാഗതം ചെയ്യുന്നില്ല. പ്രിയപ്പെട്ട നേതാവിനെ വേട്ടയാടാൻ നോക്കിയപ്പോൾ അണികളുടെ ഭാഗത്തുനിന്നുണ്ടായ നിയന്ത്രിക്കാനാകാത്ത ചെറിയൊരു പ്രതിഷേധം മാത്രമാണത്. സി.എം.ആർ.എല്ലിൽ നിന്ന് നേരിട്ട് പണം വാങ്ങിയ പ്രമുഖർ ഇന്നത്തെ യു.ഡി.എഫ് മന്ത്രിസഭയിലും ഇല്ലേ എന്നും, എന്തുകൊണ്ടാണ് അവർക്കെതിരെ അന്വേഷണം നടക്കാത്തതെന്നും സ്വരാജ് ചോദിച്ചു.


أحدث أقدم