
സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി രംഗത്ത്. പുതിയ യുഡിഎഫ് സർക്കാർ ഈ ജനകീയ പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും, പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ തന്നെ സൗജന്യ ഡിഗ്രി വിദ്യാഭ്യാസം യാഥാർത്ഥ്യമാക്കണമെന്നാണ് വിദ്യാർത്ഥി സംഘടനയുടെ പ്രധാന ആവശ്യം.
മുൻ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി പുതിയ സർക്കാർ അട്ടിമറിച്ചാൽ അത് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസം സാധ്യമാകാതെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന നിരവധിയായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നതായിരുന്നു മുൻ സർക്കാരിന്റെ പ്രഖ്യാപനമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, പി.എസ്. സഞ്ജീവ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.