ഒരു കപ്പിത്താന്‍ മാത്രം നിയന്ത്രിക്കുന്ന കപ്പലല്ല പുതിയ സര്‍ക്കാരെന്നും ഇത് 102 ബോഗികളുള്ള ഒരു വിസ്മയ ട്രെയിനാണെന്നും രമ്യ പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവേയായിരുന്നു മുന്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം.
‘പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങളില്‍ ഒരു കപ്പലിലെ യാത്രക്കാരെ കുറിച്ച് പറയുന്നുണ്ട്. പരസ്പരം തിരുത്തുകയും തെറ്റുകള്‍ ചെയ്യുന്നവരെ തടയുകയും ചെയ്യാത്ത കപ്പല്‍ മുങ്ങിപ്പോകുമെന്നാണ് അതില്‍ ഓര്‍മിപ്പിക്കുന്നത്. അങ്ങനെയുള്ള ഒരു കപ്പല്‍ കേരളത്തിലും ഉണ്ടായിരുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടാതെയും തിരുത്താതെയും മുങ്ങിപ്പോയ ഒരു കപ്പല്‍. ആ കപ്പലില്‍ ആളുകള്‍ പലതരം അതിക്രമം നടത്തിയപ്പോള്‍ കപ്പിത്താന്‍ മെഗാ തിരുവാതിര ആസ്വദിക്കുകയായിരുന്നു. കപ്പലിലെ ജനങ്ങളോട് ‘കടക്ക് പുറത്ത്’ എന്നും ‘വീട്ടില്‍ പോയി ചോദിക്ക്’ എന്നുമായിരുന്നു കപ്പിത്താന്‍ പറഞ്ഞത്. കപ്പല്‍ ആടിയുലഞ്ഞപ്പോള്‍ കപ്പലിലുള്ളവര്‍ തന്നെ അതിനെ നശിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷാപ്രവര്‍ത്തനം എന്നാണ് കപ്പിത്താന്‍ അതിനെ വിശേഷിപ്പിച്ചത്. മുങ്ങിയില്ലായിരുന്നെങ്കില്‍ ആ കപ്പലിനെ മലയാളികള്‍ മുക്കുമായിരുന്നു.