വാനനിരീക്ഷകർക്കും ആകാശവിസ്മയങ്ങളെ സ്നേഹിക്കുന്നവർക്കും ആവേശമായി ഈ ജൂൺ മാസത്തിൽ കുവൈറ്റ് ആകാശത്ത് അപൂർവ്വ പ്രതിഭാസങ്ങൾ




കുവൈറ്റ് സിറ്റി: വാനനിരീക്ഷകർക്കും ആകാശവിസ്മയങ്ങളെ സ്നേഹിക്കുന്നവർക്കും ആവേശമായി ഈ ജൂൺ മാസത്തിൽ കുവൈറ്റ് ആകാശത്ത് അപൂർവ്വ പ്രതിഭാസങ്ങൾ ദൃശ്യമാകും. ശുക്രനും വ്യാഴവും തമ്മിലുള്ള അപൂർവ്വ സംഗമം, ഈ വർഷത്തെ ഏറ്റവും നീളമേറിയ പകൽ സമ്മാനിക്കുന്ന ‘സമ്മർ സോൾസ്റ്റിസ്’, മനംകവരുന്ന ‘സ്ട്രോബെറി മൂൺ’ എന്നിവയടക്കം നിരവധി പ്രതിഭാസങ്ങളാണ് ഈ മാസം കുവൈറ്റ് വാനിൽ അരങ്ങേറാനിരിക്കുന്നത്. കുവൈറ്റിലെ പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രമായ ‘അൽ-ഉജൈരി സയന്റിഫിക് സെന്റർ’ ആണ് ഇക്കാര്യം അറിയിച്ചത്.


ഈ ജൂൺ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകാശക്കാഴ്ച ജൂൺ ഒൻപതിന് നടക്കുന്ന ശുക്ര-വ്യാഴ സംഗമമാണ്. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും ആകാശത്ത് പരസ്പരം വളരെ അടുത്തായി, വെറും 1 ഡിഗ്രി 38 ആർക്ക് മിനിറ്റ് അകലത്തിൽ പ്രത്യക്ഷപ്പെടും. കുവൈറ്റ് സമയം രാത്രി 7:02 ഓടെ ഇരുളുന്ന ആകാശത്ത് ഈ അപൂർവ്വ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിക്കും. തുടർന്ന് ജൂൺ 13-ന് പുലർച്ചെ ഏകദേശം 2:43 ഓടെ ചന്ദ്രനും ചൊവ്വയും ആകാശത്ത് അടുത്തടുത്ത് വരുന്ന കാഴ്ചയും ദൃശ്യമാകും.


17-ന് രാത്രി 7:05 ഓടെ മറ്റൊരു ത്രികോണ വിസ്മയത്തിന് കൂടി കുവൈറ്റ് വാനം സാക്ഷ്യം വഹിക്കും. അന്ന് ചന്ദ്രൻ വ്യാഴത്തോടും അതിനുശേഷം ശുക്രനോടും വളരെ അടുത്തായി നിലകൊള്ളും. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ചന്ദ്രൻ ശുക്രനെ പൂർണ്ണമായി മറയ്ക്കുന്ന ‘ലൂണാർ ഒക്കൽട്ടേഷൻ’ എന്ന അപൂർവ്വ പ്രതിഭാസത്തിനും ഇത് വഴിയൊരുക്കുന്നുണ്ട്.

ഉത്തരാർദ്ധഗോളത്തിൽ ഔദ്യോഗികമായി വേനൽക്കാലത്തിന്റെ തുടക്കം കുറിക്കുന്ന ‘സമ്മർ സോൾസ്റ്റിസ്’ ജൂൺ 21-നാണ്. വർഷത്തിലെ ഏറ്റവും നീളമേറിയ പകലും ഏറ്റവും കുറഞ്ഞ രാവുമുള്ള ഈ ദിവസം കുവൈറ്റിൽ പകലിന് ഏകദേശം 14 മണിക്കൂറും 2 മിനിറ്റും ദൈർഘ്യമുണ്ടാകും. തൊട്ടുപിന്നാലെ ജൂൺ 29-ന് ഈ മാസത്തെ പൂർണ്ണചന്ദ്രൻ ‘സ്ട്രോബെറി മൂൺ’ എന്ന പേരിൽ ആകാശത്ത് ഉദിച്ചുയരും. വടക്കേ അമേരിക്കയിലെ സ്ട്രോബെറി വിളവെടുപ്പ് കാലവുമായി ബന്ധപ്പെടുത്തിയാണ് ഈ പൗർണ്ണമിക്ക് ഈ പേര് ലഭിച്ചത്.

ആകാശം മേഘാവൃതമല്ലെങ്കിൽ ഈ പ്രതിഭാസങ്ങളിൽ ഭൂരിഭാഗവും പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ കുവൈറ്റിലുള്ളവർക്ക് കാണാൻ സാധിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ജനങ്ങൾക്ക് ഈ അപൂർവ്വ നിമിഷങ്ങൾ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഈ മാസം ഒരുങ്ങുന്നത്

Previous Post Next Post