
പാകിസ്ഥാൻ നിയന്ത്രിത കാശ്മീരിലെ റാവൽകോട്ട് നഗരത്തിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ പാക് സുരക്ഷാസേന വെടിയുതിർത്തു. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, അമിതമായ വൈദ്യുതി ബിൽ, നികുതി ഭാരം എന്നിവയ്ക്കെതിരെ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭമാണ് ഇപ്പോൾ വലിയ അക്രമത്തിലും വെടിവെയ്പ്പിലും കലാശിച്ചിരിക്കുന്നത്. പ്രദേശത്ത് വലിയ രീതിയിൽ സ്വാധീനമുള്ള ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെയാണ് പാക് റേഞ്ചേഴ്സും പൊലീസും വെടിവെപ്പ് നടത്തിയത്. സംഘർഷങ്ങളിൽ ഇതുവരെ പ്രതിഷേധക്കാരായ സാധാരണക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ 19 ആയെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി പാകിസ്ഥാൻ ഈ സിവിൽ സൊസൈറ്റി കൂട്ടായ്മയെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുകയും, ഒരു പ്രതിഷേധക്കാരന്റെ ശവസംസ്കാര ചടങ്ങിനിടെ പാക് സൈന്യം ഇടപെട്ടതോടെ സംഘർഷം റാവൽകോട്ട് നഗരത്തിന് പുറത്തുള്ള ആശുപത്രി മോർച്ചറിക്ക് സമീപത്തേക്ക് വരെ വ്യാപിക്കുകയുമായിരുന്നു.