കോട്ടയം : ചിന്നക്കനാലിൽ കാട്ടാന ആക്രമിച്ച കുട്ടിയെ സന്ദർശിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വിപ്ലവകരമായ മനം മാറ്റത്തിന് അഭിനന്ദനങ്ങൾ നേരിട്ട് അറിയിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി
സഖാവിൻറെ ഒരു ദശകത്തെ കേരള ഭരണത്തിൽ കഴിഞ്ഞ അഞ്ചുവർഷം മാത്രം 489 ജീവനുകളാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയായിരിക്കെ തോന്നാത്ത കാരുണ്യത്തിനും ഹൃദയ വിശാലതയ്ക്കും ലൈക്ക് അടിക്കാതെ വയ്യ.
കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാത്ത സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. ഇക്കാര്യത്തിൽ ഇടതു സർക്കാരിൻറെ അതേ നിസ്സംഗതയാണ് അധികാരമേറ്റ യുഡിഎഫ് സർക്കാരും പുലർത്തുന്നത്.
കഴിഞ്ഞ 10 വർഷങ്ങളിൽ വന്യജീവി ആക്രമണം തടയുന്നതിനും വനത്തിൽ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും ആയി കേന്ദ്രം നൽകിയ ധനസഹായം എങ്ങനെ വിനിയോഗിച്ചു എന്നറിയാൻ താല്പര്യമുണ്ട്. കൃത്യമായ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടോ.
വന്യജീവി ആക്രമണം ദിന സംഭവമായ കേരളത്തിൽ ഇക്കാര്യത്തിൽ കേന്ദ്രം നൽകിയ ധനസഹായവും വിനിയോഗവും സംബന്ധിച്ച് ഒരു ധവള പത്രം ഇറക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണം. വിനിയോഗിച്ച പണം ഏതെല്ലാം പദ്ധതികൾ പണം പാഴാക്കിയോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്.
വന്യജീവി ആക്രമണത്തിനിരയാകുമ്പോൾ കേന്ദ്രസർക്കാരിൻറെ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി നൽകുന്ന പണം സ്വന്തം മേൽ വിലാസത്തിൽ മേൽവിലാസത്തിലാക്കി ജനങ്ങളെ കബളിപ്പിക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണം. മരണമുണ്ടായാൽ ഉടൻ മൃതദേഹം പൊതു സ്ഥലത്ത് പ്രദർശിപ്പിച്ച പ്രതിഷേധമുയർത്തി സഹായം നേടിയെടുക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് ഇരു മുന്നണികളും വർഷങ്ങളായി ചെയ്യുന്നത്.മരണാനന്തര സഹായം ആശ്രിതർക്ക് ലഭിക്കാൻ റവന്യൂ വകുപ്പ് അധികൃതരുടെ നടപടി മാത്രം മതി എന്നിരിക്കെയാണ് ഈ വില കുറഞ്ഞ വിലപേശൽ തന്ത്രം.ആശ്രിത സഹായം ആരുടെയും ഔദാര്യമല്ല അവകാശമാണ്.
പാവപ്പെട്ട മലയോര ജനതയുടെ രോദനമാണ് വർഷങ്ങളായി കേരളത്തിൽ മുഴങ്ങുന്നത്. കോട്ടയത്ത് കണമല ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കാട്ടാനക്കലി ജീവൻ കവർന്നിട്ടുണ്ട്.
അപ്പോൾ സ്ഥലം സന്ദർശിച്ച് അനുതാപം പ്രകടിപ്പിച്ച് സഹായധനം പ്രഖ്യാപിച്ചു പിന്മാറുകയാണ് ഇരുമുന്നണി നേതാക്കളും ചെയ്യുന്നത്.
വന്യജീവികൾ കാടുഭേദിച്ചു പുറത്തു വരാതിരിക്കാൻ ഉള്ള പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നത്. ഇനിയെങ്കിലും അതിൽ തയ്യാറാകണം. കാട്ടിനുള്ളിൽ തന്നെ തീറ്റയും വെള്ളവും ഉറപ്പാക്കുകയും ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാൻ വൈദ്യുത വേലിയും കിടങ്ങും പോലുള്ള സംവിധാനങ്ങൾ സ്ഥാപിക്കുകയും വേണം. ഇത്തരത്തിലുള്ള ദീർഘവീക്ഷണത്തിലുള്ള പരിപാടിയാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്. അതിനായി വനം വകുപ്പ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് സഹായം നൽകുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും ഫലപ്രദമായി വിനിയോഗിക്കുന്നില്ല. പരസ്പരം പഴിചാരി രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് തടി തപ്പുകയാണ് സാധാരണ ചെയ്യുന്നത്.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കു കേരള സർക്കാർ നൽകുന്ന സഹായം 14 ലക്ഷം രൂപയാണ്. ഇതിൽ നാലുലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ്. പത്തുലക്ഷം വനം വകുപ്പിന്റെ ഫണ്ടിൽനിന്നും. കടന്നൽ കുത്ത് ഉൾപ്പെടെയുള്ള മരണങ്ങൾക്ക് 10 ലക്ഷം രൂപയും നൽകുന്നു.കൂടാതെ പരിക്കേറ്റവർക്ക് ധനസഹായവും ഉണ്ട്.
ആശ്രിത സഹായവിതരണം സ്വന്തം രാഷ്ട്രീയ മേൽവിലാസത്തിൽ രേഖപ്പെടുത്താൻ മത്സരിക്കുന്നതിനു പകരം വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം നൽകുന്ന പദ്ധതികളാണ് സർക്കാരും പ്രതി പക്ഷവും ചേർന്ന് ആവിഷ്കരിക്കേണ്ടത്.
എൻ. ഹരി
മേഖലാ പ്രസിഡന്റ്