
തൃശ്ശൂർ പെരുമ്പിലാവ് ആൽത്തറയിൽ കിണറ്റിൽ വീണ 56കാരി മരിച്ചു. പെരുമ്പിലാവ് ആൽത്തറ സ്വദേശിനി കറുപ്പന്റെ വളപ്പിൽ വീട്ടിൽ 56 വയസ്സുള്ള കോമളമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിലുള്ള കിണറ്റിൽ കോമളം വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധുക്കൾ കുന്നംകുളം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി കിണറ്റിൽ വീണ കോമളത്തെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ആംബുലൻസ് പ്രവർത്തകർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്ന മൃതദേഹം പിന്നീട് സംസ്കരിക്കും.