വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരി കൊല്ലപ്പെട്ടിട്ട് 6 വർഷം, നീതിതേടി മുഖ്യമന്ത്രിയെ കാണാൻ കുടുംബം


ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളത്ത് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിക്ക് ആറു വർഷത്തിനിപ്പുറവും നീതി അകലെ. ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും ഭാഗത്തുണ്ടായ അലംഭാവമാണ് നീതിനിഷേധത്തിന്റെ പ്രധാന കാരണമെന്ന് ആരോപണമുയർന്നിരുന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം.

2021 ജൂൺ 30നാണ് ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 2023 ഡിസംബറിൽ തെളിവുകളുടെ അഭാവം മൂലം വിചാരണ കോടതി ഇയാളെ വെറുതെ വിട്ടു.

ഹൈക്കോടതിയിൽ അപ്പീൽ നൽകി രണ്ടുവർഷം പിന്നിടുമ്പോഴും കേസിൽ ഒരു ഹിയറിങ് പോലും ഇതുവരെ നടന്നിട്ടില്ല. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിയുടെ കുടുംബം നേരിൽ കണ്ട് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പിലായില്ല. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനെ കാണാൻ ഒരുങ്ങുകയാണ് കുടുംബം.


പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും കുടുംബം മുന്നോട്ട് വയ്ക്കും. കുറ്റവാളി എന്ന് പോലീസ് കണ്ടെത്തിയ സമീപവാസിയായ യുവാവ് തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം ഇപ്പോഴും പറയുന്നത്. സർക്കാർതലത്തിൽ നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മകളുടെ ആറാം ചരമ വാർഷികത്തിലും മാതാപിതാക്കൾ.

أحدث أقدم