ആധാർ മുതൽ റേഷൻ കാർഡ് വരെ വെറും 700 രൂപയ്ക്ക്…. പതിനായിരത്തോളം ബംഗ്ലാദേശികൾ അതിഥി തൊഴിലാളികളുടെ ലേബലിൽ കഴിയുന്നതായി റിപ്പോർട്ട്


കൊല്ലം: കേരളത്തിൽ അതിഥി തൊഴിലാളികൾ എന്ന വ്യാജേന പതിനായിരത്തോളം ബംഗ്ലാദേശികൾ വ്യാജരേഖകളുമായി കഴിയുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്ന് പത്ത് ബംഗ്ലാദേശികളെ പോലീസ് പിടികൂടിയതോടെയാണ് സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന വൻ മാഫിയയുടെ പ്രവർത്തനങ്ങൾ വെളിച്ചത്തായത്. പിടിയിലായവരുടെ കൈവശം കേരളത്തിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് എന്നിവയ്ക്ക് പുറമെ റേഷൻ കാർഡ് വരെ ഉണ്ടായിരുന്നു എന്നത് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചു.

വെറും 700 രൂപ നൽകിയാൽ കേരളത്തിലെ വിലാസത്തിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയൽ രേഖകൾ ഇവർക്ക് ലഭിക്കുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വൻ മാഫിയ സംഘമാണ് ഈ വ്യാജരേഖാ നിർമ്മാണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ. ഇവരുടെ രേഖകൾ കണ്ടാൽ വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് പോലുള്ള സ്ഥലങ്ങളിൽ എത്തുന്നതാണ് ഇവരുടെ ആദ്യ രീതി. അവിടെ നിന്ന് പ്രാഥമികമായ വ്യാജരേഖകൾ സംഘടിപ്പിച്ച ശേഷം ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിയുന്നു. ഇതിൽ വലിയൊരു വിഭാഗം സ്ഥിരമായി തൊഴിൽ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിലേക്കാണ് എത്തുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ എന്ന ലേബലിൽ എത്തുന്ന ഇവർ പിന്നീട് ഇവിടെയുള്ള പ്രാദേശിക വിലാസങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരായി ജീവിക്കാൻ തുടങ്ങുന്നു.കൊട്ടാരക്കരയിൽ പിടിയിലായവർ വർഷങ്ങളായി കേരളത്തിൽ താമസിക്കുന്നവരാണ്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ ലഭിച്ച ബംഗ്ലാദേശ് പാസ്‌പോർട്ടിന്റെ പകർപ്പുകളിൽ നിന്നാണ് ഇവർ ബംഗ്ലാദേശികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാൻ സാധിച്ചത്. വർഷങ്ങൾക്കു മുൻപ് കേരളത്തിലെത്തിയവർ പിന്നീട് തങ്ങളുടെ ബന്ധുക്കളെ ഓരോരുത്തരെയായി ഇങ്ങോട്ട് എത്തിക്കുന്ന രീതിയും നിലവിലുണ്ട്. 13 വർഷം മുൻപ് പശ്ചിമ ബംഗാൾ വഴി കേരളത്തിലെത്തിയ മുകൾ ഖാത്തൂൻ എന്ന ബംഗ്ലാദേശി വനിത മംദാസ് എന്ന പേരിൽ എല്ലാവിധ ഇന്ത്യൻ തിരിച്ചറിയൽ രേഖകളും സ്വന്തമാക്കിയിരുന്നു. പിന്നീട് ഇവർ തന്റെ ബന്ധുക്കളെയും കേരളത്തിലേക്ക് കൊണ്ടുവന്നു. പിടിയിലാകുന്നതിന് രണ്ടു മാസങ്ങൾക്ക് മുൻപ് ഇവർ ബംഗ്ലാദേശ് പാസ്‌പോർട്ട് ഉപയോഗിച്ച് രണ്ട് കുട്ടികളുമായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതായും വിവരമുണ്ട്.


ഈ സാഹചര്യം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത് എന്ന് കേന്ദ്ര ഇന്റലിജൻസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വിലയിരുത്തുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ഇത്തരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ച് കേരളത്തിൽ തങ്ങുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള യഥാർത്ഥ തൊഴിലാളികളും ബംഗ്ലാദേശികളും തമ്മിലുള്ള ഭാഷാപരമായ നേരിയ വ്യത്യാസങ്ങൾ തിരിച്ചറിയാൻ സാധിക്കുമെങ്കിലും പലരും ഭയം മൂലം ഇത്തരം വിവരങ്ങൾ പുറത്തുപറയാൻ തയ്യാറാകുന്നില്ല. അന്വേഷണം ഊർജ്ജിതമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ബംഗ്ലാദേശികൾ മടങ്ങിപ്പോകാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പല സ്ഥലങ്ങളിലും അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വോട്ട് ചെയ്യാൻ നാട്ടിൽ പോയവർ തിരികെ വരാത്തത് മാത്രമല്ല, അന്വേഷണ ഏജൻസികളുടെ നീക്കവും ഇതിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിഥി തൊഴിലാളികളുടെ രേഖകൾ ശക്തമായി പരിശോധിക്കാനും ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുമാണ് അധികൃതരുടെ തീരുമാനം.

أحدث أقدم