
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കുട്ടികളെ ബാധിക്കുന്ന അപൂർവ രോഗമായ കവാസാക്കി (Kawasaki disease) റിപ്പോർട്ട് ചെയ്തു. കടലൂർ സ്വദേശിനിയായ ഒമ്പത് വയസ്സുകാരി ആയിഷ ഹെൽനയുടെ മരണം കവാസാക്കി രോഗം മൂലമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ സ്ഥിരീകരിച്ചു. ഇത് പകർച്ചവ്യാധിയല്ലെന്നും അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച ഉടൻ തന്നെ ആയിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടിയുടെ ലക്ഷണങ്ങൾ കവാസാക്കിയുടേതാണെന്ന് കണ്ടെത്തിയതോടെ അടിയന്തര വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗം മറ്റുള്ളവരിലേക്ക് പകരില്ലെന്നതിനാൽ നിലവിൽ പ്രത്യേക ജാഗ്രതാ മുന്നറിയിപ്പുകൾ നൽകേണ്ട ആവശ്യമില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ക്തപരിശോധനയിലൂടെയോ മറ്റ് പ്രത്യേക ലാബ് ടെസ്റ്റുകളിലൂടെയോ നേരിട്ട് കണ്ടുപിടിക്കാൻ കഴിയാത്ത രോഗമാണ് കവാസാക്കി. കുട്ടികളിൽ പ്രകടമാകുന്ന രോഗലക്ഷണങ്ങൾ വിലയിരുത്തി മാത്രമേ ഡോക്ടർമാർക്ക് ഇത് കണ്ടെത്താനാകൂ. അതിനാൽ കുട്ടികളിൽ അഞ്ച് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ഉണ്ടെങ്കിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നു.
പ്രധാന രോഗലക്ഷണങ്ങൾ…
- പനി, ജലദോഷം, വയറിളക്കം
- നാക്കും കണ്ണും ചുവന്നു തടിക്കുന്ന അവസ്ഥ
- കഴുത്തിലെ ഗ്രന്ഥികളിലുണ്ടാകുന്ന വീക്കം (കഴുത്തുവീക്കം)
- ശരീരത്തിലെ നീർക്കെട്ട്
പനി മൂർച്ഛിക്കുന്നതോടെ ഹൃദയധമനികളുടെ പ്രവർത്തനത്തെ ബാധിക്കുകയും, ധമനികൾ പൊട്ടിപ്പോകുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് കവാസാക്കി രോഗത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഹൗസ് സർജന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി സഹപ്രവർത്തകരായ മെഡിക്കൽ വിദ്യാർത്ഥികളെയടക്കം നിലവിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.