സംഘടനയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് വൈകാരികമായി മോഹൻലാൽ… രാജി സന്നദ്ധത അറിയിച്ച്….


തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ കടുത്ത തർക്കങ്ങളും നാടകീയ രംഗങ്ങളും. വിവാദങ്ങൾക്കും വിയോജിപ്പുകൾക്കുമിടെ സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ വേദിയിൽ വെച്ച് രാജി സന്നദ്ധത അറിയിച്ചു. താൻ ബിജെപിക്കോ കോൺഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും താരങ്ങൾ സ്ഥാനാർത്ഥികളായതിൽ തനിക്ക് പങ്കില്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

രാജി പ്രഖ്യാപനത്തിന് പിന്നാലെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ച ശ്വേതയ്ക്ക്, കാര്യങ്ങൾ വിശദീകരിക്കാൻ സംഘടനയിലെ മറ്റ് അംഗങ്ങൾ വീണ്ടും അവസരം നൽകുകയായിരുന്നു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തിയ ശേഷമുള്ള ആദ്യ ജനറൽ ബോഡി യോഗമാണ് കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ വെച്ച് ഇന്ന് നടന്നത്. വ്യക്തതയില്ലാത്ത കണക്കുകൾ ഉൾപ്പെടുത്തിയ വാർഷിക റിപ്പോർട്ട് പാസാക്കാൻ അനുവദിക്കില്ലെന്ന് നടൻമാരായ സിദ്ദിഖ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ കടുത്ത നിലപാടെടുത്തു. ഇതോടെ യോഗം തർക്കത്തിൽ കലാശിക്കുകയും വാർഷിക റിപ്പോർട്ട് പാസാക്കാൻ കഴിയാതെ വരികയും ചെയ്തു. വിഷയത്തിൽ നടൻ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മോഹൻലാൽ യോഗത്തിൽ വൈകാരികമായാണ് സംസാരിച്ചത്. ‘അമ്മ’ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് മോഹൻലാൽ യോഗത്തിൽ വ്യക്തമാക്കി.പ്രമുഖ യുവതാരങ്ങളുടെ വൻ നിര തന്നെ ഇന്നത്തെ നിർണായക യോഗത്തിൽ നിന്നും വിട്ടുനിന്നു എന്നത് ശ്രദ്ധേയമായി. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ പ്രമുഖ താരങ്ങളൊന്നും യോഗത്തിനെത്തിയില്ല.

Previous Post Next Post