പത്തനംതിട്ട: ചിറ്റാര്‍ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. സന്ദീപിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. വാരിയെല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും ശ്വാസകോശത്തിൽ പരിക്കുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തല്‍.

സംഭവത്തില്‍ അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടിയും സുഹൃത്ത് ഗോപിയുമാണ് പ്രതികള്‍. ഇന്നലെ രാത്രിയാണ് പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ വീടിന് സമീപം കുഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ സന്ദീപ് മരിച്ചത്. വൈകുന്നേരം ഏഴുമണിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയ സന്ദീപിനെ ഒന്‍പത് മണിയോടെ കുഴിയില്‍ അവശനിലയില്‍ കിടക്കുന്നതായി ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.