അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ച് നശിപ്പിക്കാൻ നോക്കി, ഉദയൻ അത് തടയുകയാണ് ചെയ്തത്… വി.വി. രാജേഷ്


തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ നാടകീയ രംഗങ്ങൾക്കും പ്രതിപക്ഷത്തിന്റെ കയ്യേറ്റ ആരോപണങ്ങൾക്കും മറുപടിയുമായി മേയർ വി.വി. രാജേഷ്. കൗൺസിൽ ഹാളിൽ ഇന്ന് നടന്നത് ദൗർഭാഗ്യകരവും ഒരിക്കലും നടക്കാൻ പാടില്ലാത്തതുമായ സംഭവങ്ങളാണെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറ്റൻഡൻസ് രജിസ്റ്ററിലെ ചില പേജുകൾ പ്രതിപക്ഷം വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമിച്ചെന്നും ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ അത് തടയുകയാണ് ചെയ്തതെന്നും മേയർ വ്യക്തമാക്കി.


ഇന്നത്തെ കൗൺസിൽ യോഗത്തിന്റെ അജണ്ട ദിവസങ്ങൾക്ക് മുൻപ് തന്നെ എല്ലാവരെയും അറിയിച്ചിരുന്നതാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ടാണ് കൗൺസിൽ ആരംഭിച്ചത്. നഗരസഭാ ജീവനക്കാരുടെ ലോൺ ഉൾപ്പെടെയുള്ള നിരവധി പ്രധാന അജണ്ടകൾ അവതരിപ്പിച്ച സമയത്തുടനീളം പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്ന് മേയർ കുറ്റപ്പെടുത്തി. അറ്റൻഡൻസ് രജിസ്റ്റർ ഒപ്പിടാൻ വൈകുന്നവർക്ക് സാധാരണയായി കൂടുതൽ സമയം നൽകാറുണ്ടെന്ന് മേയർ പറഞ്ഞു. ഒപ്പിട്ട ശേഷം രജിസ്റ്റർ ഉദ്യോഗസ്ഥന്റെ കയ്യിലാണ് തിരികെ നൽകേണ്ടത്. എന്നാൽ ഇന്ന് അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു.

ചെമ്പഴന്തി ഉദയൻ വനിതാ കൗൺസിലർമാരെ കൈവീശി അടിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോടും മേയർ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ജനപ്രതിനിധികൾ തമ്മിൽ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പുറത്തുവന്ന ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ കാര്യത്തിൽ ഭരണസമിതിക്ക് മുൻപ് പറഞ്ഞ അതേ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. വാഴോട്ടുകോണം കൗൺസിലറുടെ കാര്യത്തിൽ ഒരു നടപടിയും എടുക്കാൻ മേയർക്ക് നിയമപരമായി കഴിയില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി. അജണ്ടകൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ താൻ തയ്യാറാണെന്ന് മേയർ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. നിയമപ്രകാരം 34 കൗൺസിലർമാർ ഒപ്പിട്ട പേപ്പർ തന്നാൽ പ്രത്യേക യോഗം വിളിക്കാം. അത് ചെയ്യാതെ വെറും 20 പേർ ഒപ്പിട്ട നോട്ടീസിന്റെ പുറത്ത് കൗൺസിൽ യോഗം വിളിച്ചാൽ അത് താൻ ചെയ്യുന്ന തെറ്റായ കാര്യമാകില്ലേ എന്നും മേയർ ചോദിച്ചു. അജണ്ടകൾ ചർച്ച ചെയ്യാൻ സമയം കിട്ടിയില്ലെങ്കിൽ സാധാരണയായി അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാറാണ് പതിവെന്നും പ്രതിപക്ഷം സഹകരിക്കാൻ തയ്യാറാകണമെന്നും മേയർ വി.വി. രാജേഷ് കൂട്ടിച്ചേർത്തു.


أحدث أقدم