ധവളപത്രം സ്വകാര്യവൽക്കരണത്തിനുള്ള കർട്ടൻ റൈസർ, വി ഡി സതീശൻ പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞു’…. കെ എൻ ബാലഗോപാൽ


തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തുവിട്ട ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്ത് എല്ലാം തകർച്ചയിലാണെന്ന് വരുത്തിത്തീർത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുള്ള വെറുമൊരു പശ്ചാത്തലമൊരുക്കലും ‘കർട്ടൻ റൈസറുമാണ്’ നിലവിലെ ധവളപത്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാം സ്വകാര്യവത്കരിക്കാനാണ് തീരുമാനമെങ്കിൽ അത് തുറന്നുപറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി പദവിയിലേക്ക് വന്നയുടൻ തന്നെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ കഴിഞ്ഞതും, ഇന്ദിരാഗാന്ധി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതുമൊക്കെ സംസ്ഥാന ഖജനാവിൽ പണമുള്ളത് കൊണ്ടാണെന്ന് ബാലഗോപാൽ ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ ഇവിടെ എല്ലാം കുഴപ്പമാണെന്ന് പറയുന്നത് ഒട്ടും ശരിയല്ല. കിഫ്ബിയെ ദുർബലപ്പെടുത്താനുള്ള യാതൊരു ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ധനകാര്യ വകുപ്പ് തന്നെ തയ്യാറാക്കിയ ധവളപത്രം പുറത്തിറക്കിയത് ഒരുതരത്തിൽ നല്ലതാണെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാണിച്ചു. കാരണം മുൻപ് പ്രതിപക്ഷം ഉന്നയിച്ച പല ആരോപണങ്ങളും കള്ളമാണെന്ന് സ്ഥാപിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്.ധവളപത്രത്തിലെ വിവരങ്ങൾ പുറത്തുവിടാൻ പാടില്ലാത്തതാണെന്നും അതിനൊരു ഔദ്യോഗിക രഹസ്യ സ്വഭാവമുണ്ടെന്നും മുൻ ധനമന്ത്രി ഓർമ്മിപ്പിച്ചു. ധവളപത്രം തയ്യാറാക്കിയ അതേ വിദഗ്ദ്ധ സമിതിയെക്കൊണ്ട് തന്നെ, പുതിയ സർക്കാർ വോട്ട് പിടിക്കാനായി കൊണ്ടുവന്ന ‘ഗ്യാരണ്ടികൾ’ എങ്ങനെ പ്രായോഗികമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയെയും സംഘത്തെയും പഠിപ്പിച്ചാൽ നന്നായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.


സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ പ്രധാന കാരണം കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതാണെന്ന് ബാലഗോപാൽ ആവർത്തിച്ചു. മുൻ സർക്കാർ എന്തോ വഞ്ചന നടത്തി എന്ന രീതിയിലാണ് നിലവിലെ മുഖ്യമന്ത്രി സംസാരിക്കുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വേണമെന്ന് ആവശ്യപ്പെട്ടതാണോ മുൻ സർക്കാർ ചെയ്ത തെറ്റ്, അർഹമായ ഗ്രാന്റ് നൽകാത്തതിന് കേന്ദ്ര സർക്കാരിനെയാണ് കുറ്റം പറയേണ്ടത്. നിലവിൽ ഇലക്ട്രിസിറ്റി മേഖലയും കെ.എസ്.ഇ.ബിയും സ്വകാര്യവത്കരിക്കാനുള്ള കടുത്ത ശ്രമങ്ങളാണ് നടക്കുന്നത്. വിമാനത്താവള നടത്തിപ്പിലുള്ള ‘സിയാൽ’ കൂടി വിറ്റഴിക്കാതിരുന്നാൽ കൊള്ളാമെന്നും കെ.എൻ. ബാലഗോപാൽ പ്രത്യാശ പ്രകടിപ്പിച്ചു

أحدث أقدم