
കൊച്ചി: തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ ഇതുവരെ എന്തൊക്കെ നിയമ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. അതേസമയം, കേസ് ഉടനടി സി.ബി.ഐക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യത്തോട് കോടതി വിയോജിച്ചു. ഈ കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് ഹർജിക്കാരനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായ ഫെഡറൽ ഘടനയെ ഓർമ്മിപ്പിക്കുന്ന ശക്തമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സംഭവം നടന്നിട്ട് നിലവിൽ പത്ത് ദിവസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. അതിനകം തന്നെ പോലീസ് അന്തിമ നടപടിയെടുക്കണമെന്ന് വാശിപിടിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. സംസ്ഥാന പോലീസ് കേസ് അന്വേഷിക്കരുതെന്ന് ഹർജിക്കാരൻ പറയുന്നത് തികച്ചും അപക്വമായ നിലപാടാണ്. പ്രാദേശിക പോലീസിന്റെ ഭാഗത്തുനിന്ന് സുതാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് സി.ബി.ഐ അന്വേഷണം അനിവാര്യമാകുന്നത്. ഹർജിക്കാരൻ വളരെ നേരത്തെയാണ് ഈ ആവശ്യവുമായി വന്നിരിക്കുന്നത്. ഫെഡറൽ സംവിധാനത്തിൽ ക്രമസമാധാനവും അന്വേഷണവും സംസ്ഥാന പോലീസിന്റെ ചുമതലയാണെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചു.