ഉള്ളുലയ്ക്കുന്ന കാഴ്ച; അന്ധവയോധികൻ ഒരു പകൽ മുഴുവൻ ചതുപ്പിൽ, സഹോദരിയും മകനും അവശനിലയിൽ..





ചേർത്തല: നിസ്സഹായതയുടെയും അവഗണനയുടെയും നേർച്ചിത്രമായി വയലാർ എട്ടുപുരയ്ക്കലിൽനിന്ന് പുറത്തുവന്നത് മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന വാർത്ത. കാഴ്ചയില്ലാത്ത, പട്ടിണി മൂലം അസ്ഥിപഞ്ചരമായ അറുപത്തൊൻപതുകാരൻ ജയദേവൻ വീടിനടുത്തുള്ള ചതുപ്പിൽ വീണുകിടന്നത് ഒരു പകൽ മുഴുവനാണ്. എഴുന്നേൽക്കാൻ പോലുമാകാതെ ചെളിയിൽ പൂണ്ടുപോയ അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെയോടെയാണ് നാട്ടുകാർ കണ്ടെത്തുന്നത്. എന്നാൽ ദുരന്തം അവിടെയും തീർന്നില്ല. വീടിനുള്ളിൽ അദ്ദേഹത്തിന്റെ സഹോദരി യശോദ (67) പൂർണ്ണമായും അവശ നിലയിലായിരുന്നു. ഇവരുടെ മകൻ ലിജുവാകട്ടെ (41) മാനസിക വെല്ലുവിളി നേരിടുന്ന ആളും. ബാഹ്യലോകവുമായി ബന്ധമില്ലാതെ, കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ ആ കുടുംബത്തിന്റെ ദയനീയാവസ്ഥ പുറത്തറിയുന്നത് ഗ്രാമപ്പഞ്ചായത്തംഗം കുഞ്ഞുമോൾ റോയിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്.

തുടർന്ന് പൊതുപ്രവർത്തകരും അയൽവാസികളുമെത്തി ജയദേവനെയും യശോദയെയും ചേർത്തല താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി ആറാട്ടുപുഴയിലെ വൃദ്ധസദനത്തിലേക്കു മാറ്റി. ലിജുവിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ മാനസികാരോഗ്യ ചികിത്സാവിഭാഗത്തിലും പ്രവേശിപ്പിച്ചു.

ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ഇവർ ക്ഷേമപെൻഷൻകൊണ്ടു മാത്രമാണ് ജീവിച്ചിരുന്നത്. അവശരായിരുന്ന സഹോദരങ്ങൾക്ക് പലപ്പോഴും അയൽവാസികളായിരുന്നു ഭക്ഷണമടക്കം നൽകിയിരുന്നത്. മഴയിൽ വീടു തീർത്തും ഒറ്റപ്പെട്ടതോടെയാണ് ഇവരുടെ ദുരിതമേറിയത്.

ജയദേവനെയും യശോദയെയും ഒന്നിച്ചു വൃദ്ധസദനത്തിലേക്കു മാറ്റുന്നതിൽ സാങ്കേതിക തടസ്സമുയർന്നതോടെ യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി. വിമൽ, മന്ത്രി വി.ഇ. അബ്ദുൾഗഫൂറിനെ വിവരമറിയിച്ചു. അദ്ദേഹം ഇടപെട്ടതോടെയാണ് രാത്രിയോടെ ഇരുവരെയും ആറാട്ടുപുഴയിലെ സാമൂഹിക ക്ഷേമവകുപ്പിന്റെ അഭയകേന്ദ്രത്തിലേക്കും ലിജുവിനെ ആശുപത്രിയിലേക്കും മാറ്റിയത്.

ആശപ്രവർത്തക റീത്താമ്മ ജോസഫ്, അയൽവാസികളായ ലിസി, ജയ, അനിൽകുമാർ, അനീഷ് കൊല്ലാറ, തിലകൻ മാനാപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർത്തല പോലീസിന്റെയും സാമൂഹികക്ഷേമവകുപ്പിന്റെയും സഹകരണത്തിലായിരുന്നു രക്ഷാപ്രവർത്തനം.
أحدث أقدم