പാമ്പാടി : - നാടിന്റെ നന്മയ്ക്കായി എന്നും കർമ്മപഥത്തിലുള്ള ഡിവൈഎഫ്ഐ, വിദ്യാർത്ഥികൾക്ക് കരുതലായി മാറുന്നു. പാമ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി പൊൻകുന്നം വർക്കി സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സ്കൂളിൽ ചേർന്ന ചടങ്ങിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ബിലു വി ലാൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ റെജി സഖറിയ പരിപാടി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നതിൽ ഡിവൈഎഫ്ഐ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഗോകുൽ ജയൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കെ., ഡിവൈഎഫ്ഐ പാമ്പാടി മേഖലാ സെക്രട്ടറി നിക്സൻ ബേബി, ബ്ലോക്ക് കമ്മിറ്റി അംഗം അജയൻ ഇ കെ., ഗ്രാമപഞ്ചായത്തംഗം അജികുമാർ തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി നടപ്പിലാക്കുന്ന 'നമുക്കൊരുക്കാം അവർ പഠിക്കട്ടെ' എന്ന കാമ്പെയ്‌ന്റെ ഭാഗമായാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.