തിരുവനന്തപുരം: കുറഞ്ഞ അളവില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു എന്ന് റിട്ട. ഐഎഎസ് ഓഫീസര്‍ ബിജു പ്രഭാകര്‍. ‘നാം നമ്മെ കൊളളയടിക്കുമ്പോള്‍’ എന്ന തന്റെ പുസ്തകത്തിലാണ് ബിജു പ്രഭാകര്‍ ഇക്കാര്യം പറയുന്നത്. 2018-ല്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ കുറഞ്ഞ അളവില്‍ കഞ്ചാവ് നിയമവിധേയമാക്കണം എന്നൊരു കുറിപ്പ് മുഖ്യമന്ത്രിക്ക് കൊടുത്തിരുന്നെന്നും അത് നിയമ, ആഭ്യന്തര വകുപ്പുകളുടെ അഭിപ്രായത്തിന് വിട്ടെങ്കിലും കാര്യങ്ങള്‍ മുന്നോട്ടുപോയില്ല എന്നുമാണ് ബിജു പ്രഭാകര്‍ പുസ്തകത്തില്‍ പറയുന്നത്.
‘കുറഞ്ഞ അളവില്‍ കഞ്ചാവ് നിയമവിധേയമാക്കണം എന്നൊരു കുറിപ്പ് 2018-ല്‍ സാമൂഹിക നീതി സെക്രട്ടറിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിക്ക് കൊടുത്തിരുന്നു. അത് നിയമ, ആഭ്യന്തര വകുപ്പുകളുടെ അഭിപ്രായത്തിന് വിട്ടു. പിന്നീട് പല പ്രാവശ്യം ബന്ധപ്പെട്ട സെക്രട്ടറിമാരെ കണ്ടിട്ടും കാര്യങ്ങള്‍ മുന്നോട്ടുനീങ്ങിയില്ല’ എന്നാണ് ബിജു പ്രഭാകര്‍ പറയുന്നത്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ ആദ്യം ചെയ്യേണ്ടത് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുകയാണെന്നും കളള് എന്ന ഉത്തമ പാനീയത്തെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല നമ്മുടേതെന്നും ബിജു പ്രഭാകര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.