
കൊച്ചി: തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപ്പീൽ പരിഗണിക്കവെ, സർക്കാരിനും ഇ ഡിക്കുമെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ അരങ്ങേറിയത് ‘സംഘടിത കുറ്റകൃത്യം’ ആണെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ വാദം ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് പൂർണ്ണമായി തള്ളി. പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ ഒന്നുംതന്നെ സംഘടിത കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ പ്രോസിക്യൂഷനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. ഈ സംഘർഷത്തിൽ ആർക്കാണ് ഗുരുതരമായി പരുക്കേറ്റതെന്നും അവരുടെ ചികിത്സാ രേഖകൾ എവിടെയെന്നും കോടതി ചോദിച്ചു. 27 ദിവസം ഒൻപതാം പ്രതി ഹരീഷ് കുമാർ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടായിട്ടും അന്വേഷണസംഘം എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. തിരുവനന്തപുരം സെഷൻസ് കോടതി പ്രോസിക്യൂട്ടർ പ്രതിക്ക് ജാമ്യം ലഭിക്കാനായി ഒത്തുകളിച്ചെന്നും കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നുമുള്ള ഡിജിപിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂട്ടർ കോടതിയിൽ എന്ത് വാദം ഉന്നയിച്ചാലും അന്തിമ തീരുമാനമെടുക്കാൻ ജഡ്ജി സ്വന്തം വിവേചനാധികാരം ഉപയോഗിക്കുമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ മറുപടി.പ്രോസിക്യൂട്ടർ ടി. ഗീനാ കുമാരിയെ ഇതിനകം തന്നെ പദവിയിൽ നിന്ന് നീക്കിയതായി ഡിജിപി കോടതിയെ അറിയിച്ചു. സർക്കാരിന്റെ അപ്പീലിൽ സെഷൻസ് കോടതിയിലെ മുൻ പ്രോസിക്യൂട്ടറായ ഗീനാ കുമാരിക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി വിസമ്മതിക്കുകയും അവരെ നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതേസമയം, ഒൻപതാം പ്രതിക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിന്റെ നിയമസാധുത പരിശോധിക്കാമെന്ന് ഹൈക്കോടതി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിയുടെ ഭാഗം കേൾക്കാതെ ജാമ്യം റദ്ദാക്കുന്നതിൽ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഒൻപതാം പ്രതി ഹരീഷ് കുമാറിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. സർക്കാരിന്റെ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെയായിരുന്നു ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. ഈ കേസിൽ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന് കാട്ടി സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ നൽകിയ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി ഗീനാ കുമാരിയെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കിയത്. ഈ വിവാദങ്ങൾക്കിടയിലാണ് ഇപ്പോൾ സർക്കാരിന് തിരിച്ചടിയാകുന്ന നിരീക്ഷണങ്ങൾ ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്.