
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും അമൂല്യ വസ്തുക്കളും കാണാനില്ലെന്ന് പരാതി. സ്വർണ്ണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ, സ്വർണ്ണക്കട്ടകൾ എന്നിവയാണ് ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷൻ നടത്തിയ വാർഷിക പരിശോധനയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഞെട്ടിച്ച ഈ വിവരം പുറത്തുവന്നത്.
നെയ്യാറ്റിൻകര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങൾ പാറശ്ശാല മഹാദേവ ക്ഷേത്രത്തിലെ പ്രത്യേക ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇവ കാണാതായിരിക്കുന്നത്. എല്ലാ വർഷവും ഇവിടുത്തെ തിരുവാഭരണങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്താറുണ്ട്. ഇത്തവണ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് മെയ് 23-നാണ് കമ്മീഷൻ ഉന്നത അധികാരികൾക്ക് കൈമാറിയത്. അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി ഇരുപതിലധികം പ്രധാന ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായിരിക്കുന്നത്.അതേസമയം, കാണാതായ ആഭരണങ്ങളുടെയും സ്വർണ്ണക്കട്ടകളുടെയും കൃത്യമായ തൂക്കമോ അവയുടെ വിപണി മൂല്യമോ നിലവിൽ പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ അറിവോടെയാണോ ഈ അട്ടിമറി നടന്നതെന്ന കാര്യത്തിൽ കടുത്ത സംശയമുയരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഭക്തജനങ്ങൾക്കിടയിൽ ശക്തമായിരിക്കുകയാണ്.