നഴ്‌സുമാരുടെ വേഷത്തെക്കുറിച്ചുള്ള വിവാദ പരാമർശം… കങ്കണ റണൗട്ടിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്


നഴ്‌സുമാരുടെ വേഷത്തെയും ജോലിയെയും കുറിച്ച് വിവാദ പരാമർശം നടത്തിയ നടി കൂടിയായ ബിജെപി എംപി കങ്കണാ റണൗട്ടിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. വിഷയത്തിൽ ലോക്‌സഭാ സ്പീക്കർക്ക് യൂത്ത് കോൺഗ്രസ് നേതാവ് ഔദ്യോഗികമായി പരാതി നൽകി. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിട്ടും തന്റെ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ നടി തയ്യാറായിട്ടില്ല. അതിനിടെ കങ്കണയ്ക്ക് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. താൻ നഴ്‌സായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് കങ്കണ റണൗട്ട് വിവാദ പ്രസ്താവന നടത്തിയത്.

ഇന്ത്യയിലെ നഴ്‌സിംഗ് ജോലി വലിയ രീതിയിൽ ലൈംഗികവത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള ഇവരുടെ വേഷം മാറേണ്ടതുണ്ടെന്നുമാണ് നടി പറഞ്ഞത്. ഒരു ജനപ്രതിനിധി എന്ന പദവിയിലിരുന്ന് കൊണ്ട് രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന നഴ്സിങ് സമൂഹത്തെ അപമാനിക്കുന്ന തരത്തിൽ നടി നടത്തിയ പരാമർശം അതീവ ഗുരുതരമാണെന്നും സ്പീക്കർ അടിയന്തരമായി ഇടപെടണമെന്നും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവും ഒരു നഴ്‌സിന്റെ മകനുമായ വിനീത് തോമസാണ് സ്പീക്കർക്ക് കത്ത് നൽകിയത്. കങ്കണയുടെ പരാമർശത്തിനെതിരെ നഴ്‌സുമാരുടെ വിവിധ സംഘടനകൾ ഇതിനോടകം തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഛത്തീസ്ഗഡിൽ മാധ്യമങ്ങളെ കണ്ടപ്പോഴും തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് കങ്കണ വ്യക്തമാക്കിയത്. ഈ വിഷയത്തിൽ തന്റെ അഭിപ്രായമല്ല, നഴ്‌സുമാരുടെ അഭിപ്രായമാണ് അറിയേണ്ടതെന്നായിരുന്നു കങ്കണയുടെ മറുപടി. അതേസമയം, കങ്കണയെ പിന്തുണച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയത് വിവാദം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നഴ്‌സുമാരുടെ വേഷം പാശ്ചാത്യ ശൈലിയിൽ നിന്നും ഇന്ത്യൻ രീതിയിലേക്ക് മാറ്റണമെന്ന കങ്കണയുടെ ആവശ്യത്തോട് ബിജെപി നേതാവായ ടി.ആർ ശ്രീനിവാസ് പൂർണ്ണമായി യോജിച്ചു.

أحدث أقدم