എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദേശം…..


സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് മെഡിക്കൽ കോളേജുകൾ നിയമവിരുദ്ധമായി ഈടാക്കിയ അധിക ഫീസ് അടിയന്തരമായി തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (NMC) കർശന ഉത്തരവ്. ഇത് സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ഡിഎംഇക്കും കമ്മീഷൻ വ്യക്തമായ നിർദേശം നൽകി. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസാണ് കോളേജുകൾ തിരികെ നൽകേണ്ടത്.

നാലര വർഷത്തെ കോഴ്സ് കാലാവധിക്ക് അഞ്ച് വർഷത്തെ ഫീസ് പൂർണ്ണമായി വാങ്ങുന്ന മെഡിക്കൽ കോളേജുകളുടെ അശാസ്ത്രീയമായ നടപടിക്കെതിരെയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കോഴ്സ് കാലാവധിയായ നാലരവർഷത്തെ ഫീസ് മാത്രമേ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാവൂ എന്ന് എൻഎംസി നേരത്തെ തന്നെ സർക്കുലറിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് കാറ്റിൽപ്പറത്തിക്കൊണ്ട് സംസ്ഥാനത്തെ വിവിധ കോളേജുകൾ വിദ്യാർത്ഥികളിൽ നിന്ന് വൻ തുക അധികമായി വാങ്ങി. ഇതിനെതിരെ ഉയർന്ന വ്യാപക പരാതികളിലാണ് ഇപ്പോൾ അടിയന്തര നടപടിയുണ്ടായിരിക്കുന്നത്സംസ്ഥാനത്തുടനീളമുള്ള മൂവായിരത്തോളം എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്നാണ് കോളേജുകൾ ഇത്തരത്തിൽ പണം തട്ടിയത്. ഒരോ വിദ്യാർത്ഥിയിൽ നിന്നും മൂന്നര ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെയാണ് പല കോളേജുകളും അധികമായി ഈടാക്കിയിട്ടുള്ളത്. ഇങ്ങനെ അധികമായി വാങ്ങിയ തുക മുഴുവൻ എത്രയും വേഗം വിദ്യാർത്ഥികൾക്ക് തിരികെ നൽകാൻ കോളേജുകൾക്ക് അടിയന്തര നിർദേശം നൽകാനാണ് ഡിഎംഇയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

أحدث أقدم