സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച്…. ബാരിക്കേഡ് തള്ളുന്നതിനിടെ പൊലീസുകാരന്റെ വിരൽ അറ്റു .


തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി. ചൊവ്വാഴ്ച നടന്ന പ്രതിഷേധ മാർച്ചിലായിരുന്നു ദാരുണമായ സംഭവം. ബാരിക്കേഡ് മറികടക്കാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിലാണ് പൊലീസുകാരന്റെ കൈ കുടുങ്ങിയത്. സർവകലാശാലയിലെ ‘ഇയർ ഔട്ട്’ സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. ശ്രീകാര്യം ശാസ്‌താംകോണത്ത് നിന്നും ആരംഭിച്ച മാർച്ച് സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തിരുന്നു.


പ്രവർത്തകർ സർവകലാശാലാ വളപ്പിലേക്ക് കടക്കാതിരിക്കാൻ പോലീസ് പ്രതിരോധം തീർത്തു. എന്നാൽ പ്രതിഷേധക്കാർ ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാൻ ശ്രമിക്കുകയും ബാരിക്കേഡ് ശക്തമായി പിടിച്ച് കുലുക്കുകയും ചെയ്തു. ഇതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഇടതുകൈയിലെ മോതിരവിരലിന്റെ മുകൾഭാഗം ബാരിക്കേഡിനുള്ളിൽ പെട്ടുപോവുകയായിരുന്നു. വിരൽ അറ്റുപോയ ഉടൻ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കിയതായും അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബാരിക്കേഡ് തള്ളിമാറ്റാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്. എന്നാൽ പിന്നീട് സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് സമരം അവസാനിച്ചത്. ഈ മാസം 27-ന് വൈസ് ചാൻസലറുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്ന ഉറപ്പ് ലഭിച്ചതോടെ എസ്എഫ്ഐ താൽക്കാലികമായി സമരം പിൻവലിക്കുകയായിരുന്നു

أحدث أقدم