നെടുമ്പാശ്ശേരി ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ച് അപകടം; പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾക്ക്…


അങ്കമാലി-നെടുമ്പാശ്ശേരി ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ കബിൽ (24), ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം മുന്നിലുണ്ടായിരുന്ന കാറിന്റെ പിന്നിലും തുടർന്ന് ലോറിയുടെ പിന്നിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.

അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ യുവാക്കളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹങ്ങൾ അങ്കമാലി എൽ.എഫ്. ആശുപത്രിയിലേക്ക് മാറ്റി.

ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് അപകടങ്ങൾ പതിവായതായി നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ സുരക്ഷാ ക്രമീകരണങ്ങളിലെ അപര്യാപ്തതയാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി. രണ്ടാഴ്ച മുമ്പും ഇതേ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു.
أحدث أقدم