വിദ്യാർത്ഥിയുടെ ബാഗിലെ ചാരായക്കുപ്പി വഴിത്തിരിവായി… താമരശ്ശേരിയിൽ വൻ എക്സൈസ് വേട്ട, 110 ലിറ്റർ ചാരായവും 200 ലിറ്റർ


കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും ചാരായം കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ പ്രദേശത്ത് പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്. താമരശ്ശേരി ചമൽ ഭാഗത്ത് നിന്ന് 110 ലിറ്റർ ചാരായമാണ് എക്സൈസ് സംഘം പിടികൂടിയത്. വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും മുൻപ് കണ്ടെത്തിയ അതേ മാതൃകയിലുള്ള 220 കുപ്പികളിലായി വിതരണത്തിന് തയ്യാറാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് അർദ്ധരാത്രിയിൽ ചമൽ വേനക്കാവ് കൊളമല ഭാഗത്തെ വനപ്രദേശത്തിന് സമീപം ഈ മിന്നൽ പരിശോധന നടത്തിയത്.

ഇതിനുപുറമേ, താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ.യുടെ നേതൃത്വത്തിൽ ചമൽ പ്രദേശത്ത് നടത്തിയ മറ്റൊരു റെയിഡിൽ ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷും കണ്ടെടുത്ത് നശിപ്പിച്ചു. കാട്ടുപ്രദേശത്തെ കഠിനമായ പാതയിലൂടെയുള്ള പരിശോധനയ്ക്കിടയിൽ സിവിൽ എക്‌സൈസ് ഓഫീസർ റനീഷ് കെ. പിയ്ക്ക് പാറക്കൂട്ടങ്ങൾക്കിടയിൽ വഴുതിവീണ് ഇടതു ചുമലിന് പരുക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വ്യാജച്ചാരായം നിർമ്മിച്ച് വിതരണം ചെയ്യുന്ന പ്രധാന ആളുകളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, ഊർജ്ജിതമായ അന്വേഷണം നടത്തി ഇവരെ ഉടൻ തന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. റെയ്ഡിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷിഞ്ചു കുമാർ, സി.ഇ.ഒ ഡ്രൈവർ പ്രജീഷ് എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും സ്കൂൾ-കോളേജ് പരിസരങ്ങളിലും വനമേഖലകളിലും പരിശോധന കർശനമായി തുടരാനാണ് എക്സൈസിന്റെ തീരുമാനം.

أحدث أقدم