
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനെ പ്രതിക്കൂട്ടിലാക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. ഭക്തർ സമർപ്പിച്ച കാണിക്കപ്പണം എണ്ണുന്നതിനായി ട്രസ്റ്റ് അംഗങ്ങളുടെ ബന്ധുക്കളെയും പുറത്തുനിന്നുള്ളവരെയും അനധികൃതമായി നിയമിച്ചതായാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികളുടെ നേരിട്ടുള്ള ശുപാർശ പ്രകാരമാണ് ഈ നിയമനങ്ങൾ നടന്നത്. ട്രസ്റ്റിലെ ജീവനക്കാരനായ അനുകുൽ മിശ്ര, തന്റെ സഹോദരീഭർത്താവ് ലവ്കുഷ് മിശ്രയെ പണം എണ്ണാൻ നിയമിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാണിക്കപ്പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്ന അതീവ സുരക്ഷാ മേഖലയായിരുന്നിട്ടും, ഇവിടെ ജോലി ചെയ്തിരുന്ന താല്ക്കാലിക ജീവനക്കാരെ പ്രവേശിക്കുമ്പോഴോ തിരികെ പോകുമ്പോഴോ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നില്ല എന്ന ഗുരുതര സുരക്ഷാവീഴ്ചയും അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അനുമതിയില്ലാതെ അയോധ്യ വിട്ടുപോകരുതെന്ന് എസ്.ഐ.ടി. കർശന നിർദേശം നൽകിയിട്ടുണ്ട്. ഭക്തർ രാം ലല്ലയ്ക്ക് സമർപ്പിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയുടെ കാര്യത്തിലും വലിയ തോതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സൂചന. ഇവയുടെ കൃത്യമായ രേഖകൾ ഹാജരാക്കാൻ ട്രസ്റ്റ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.
2025 ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മഹാകുംഭമേളക്കാലത്താണ് ഈ ക്രമക്കേടുകൾ ഏറെയും നടന്നതെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. അക്കാലത്ത് ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടുകയും കാണിക്കയായി കോടികളും സ്വർണ്ണവും കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഈ സമയത്തെ രേഖകളിലാണ് നിലവിൽ എസ്.ഐ.ടി. ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എസ്.പി., എ.എ.പി. തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ കടുത്ത ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഈ മാസം 13-ന് ഉത്തർപ്രദേശ് സർക്കാർ അഴിമതി അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ ഉന്നതർ വലയിലാകുമെന്നാണ് സൂചന