
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പുതിയ വിപ്ലവകരമായ പദ്ധതിയായ ‘പ്രിയദർശിനി യാത്രാ പദ്ധതി’ക്കായി ഔദ്യോഗിക ലോഗോ ക്ഷണിച്ച് കെഎസ്ആർടിസി. മികച്ച ലോഗോ രൂപകൽപ്പന ചെയ്ത് നൽകുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ കെഎസ്ആർടിസി 10,000 രൂപ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. സംസ്ഥാനത്തെ വനിതകൾക്ക് വലിയ രീതിയിൽ പ്രയോജനപ്പെടുന്ന ഈ അഭിമാന പദ്ധതിയുടെ ലോഗോ തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും സുതാര്യമായ മത്സരത്തിലൂടെയായിരിക്കും.
ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍….
- ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
- ലോഗോയില്‍ ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
- ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.
- തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും.
ഫയല്‍ സ്‌പെസിഫിക്കേഷന്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….
- ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം)
- റസലൂഷന്‍: കുറഞ്ഞത് 300 DPI
- സൈസ്: കുറഞ്ഞത് 6000 × 6000 Pixels
- കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം)
- ഫയല്‍ വലുപ്പം: പരമാവധി 100 MB
താല്പര്യമുള്ള ഡിസൈനർമാർ ജൂൺ 30-നകം തങ്ങളുടെ ലോഗോകൾ priyadarshini@keralartc.com എന്ന ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ചില പ്രധാന നിർദ്ദേശങ്ങളും കർശനമായ മാനദണ്ഡങ്ങളും കെഎസ്ആർടിസി മുന്നോട്ടുവെച്ചിട്ടുണ്ട്.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നതിന് യാതൊരുവിധ പ്രത്യേക തിരിച്ചറിയൽ കാർഡുകളോ മുൻകൂട്ടിയുള്ള രജിസ്ട്രേഷനുകളോ ആവശ്യമില്ല. യാത്രാ ആനുകൂല്യം ലഭിക്കുന്നതിന് പ്രായം ഉൾപ്പെടെയുള്ള യാതൊരുവിധ മാനദണ്ഡങ്ങളും റെയിൽവേയോ മറ്റ് വകുപ്പുകളോ പോലെ കെഎസ്ആർടിസി നിശ്ചയിച്ചിട്ടില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം പൂർണ്ണമായും ലഭ്യമായിരിക്കും. സംസ്ഥാനത്തെ സാധാരണക്കാരായ വനിതാ യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന തീരുമാനമാണിത്.