തെക്കൻ വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി വൻ അപകടം. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരണപ്പെട്ടു. ബോട്ടിൽ ആകെ 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ 21 പേരെ നിലവിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ചവർ ആന്ധ്രാ പ്രദേശ്, തെലങ്കാന സ്വദേശികളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.30 ഓടെയായിരുന്നു നടുക്കുന്ന ദുരന്തം സംഭവിച്ചത്. ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റും കാരണമാണ് ബോട്ട് മറിഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടത്തെ തുടർന്ന് ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും വെള്ളത്തിൽ വീഴുകയായിരുന്നു. കടലിൽ തലകീഴായി മറിഞ്ഞ ബോട്ടിന് ചുറ്റും മറ്റ് സ്പീഡ് ബോട്ടുകളിലായി രക്ഷാപ്രവർത്തകർ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിലവിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.