കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് 8 പവൻ സ്വർണം കാണാതായ സംഭവം… മുൻ എസ്എച്ച്ഒ എം. അബ്ബാസലിയെ സസ്പെൻഡ് ചെയ്തു



കരിപ്പൂർ പോലീസ് സ്റ്റേഷനിലെ കസ്റ്റഡിയിൽ നിന്ന് എട്ട് പവൻ സ്വർണ്ണം കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒയ്ക്ക് എതിരെ കർശന നടപടി. കരിപ്പൂർ മുൻ എസ്എച്ച്ഒ എം. അബ്ബാസലിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുൻപ് പാലക്കാട് സൗത്ത് എസ്എച്ച്ഒ ആയി ചുമതലയിലിരിക്കെ മറ്റൊരു കൃത്യവിലോപത്തിന്റെ പേരിലും അബ്ബാസലി സസ്പെൻഷൻ നടപടി നേരിട്ടിരുന്നു. കരിപ്പൂർ വിമാനത്താവള പരിസരത്ത് നിന്നടക്കം കളഞ്ഞുകിട്ടി നാട്ടുകാർ വിശ്വസിച്ച് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണാഭരണങ്ങളാണ് കസ്റ്റഡിയിൽ ഇരിക്കെ കാണാതായത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയതാണെന്ന് സ്ഥിരീകരിച്ച് കൊണ്ടോട്ടി എഎസ്പി നേരത്തെ മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.


കരിപ്പൂർ സ്റ്റേഷനിൽ 2018 മുതൽ സൂക്ഷിച്ചു വന്നിരുന്ന മാല, കൈ ചെയിൻ, കമ്മൽ, മോതിരം അടക്കമുള്ള വിവിധ സ്വർണാഭരണങ്ങളാണ് കാണാതായത്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം (ഇന്റലിജൻസ്) നൽകിയ പ്രത്യേക റിപ്പോർട്ടിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി പുറത്തുവരുന്നത്. നിലവിലെ വിപണി വില പ്രകാരം ഏകദേശം പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് പോലീസിന്റെ സുരക്ഷിത കസ്റ്റഡിയിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും പോലീസ് സേനയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും വിലയിരുത്തപ്പെടുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മോഷണത്തിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവരൂ

Previous Post Next Post