ആലപ്പുഴ ദേശീയപാതയിലെ ഭീമൻ ഗർത്തം… കരാർ കമ്പനിക്ക് ഗുരുതര വീഴ്ച…


ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ ഭീമൻ ഗര്‍ത്തം രൂപപ്പെട്ട സംഭവത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒട്ടും ഉപയോഗിക്കാന്‍ പാടില്ലാത്ത കായല്‍ മണലാണ് ഇവിടെ ഹൈവേ നിർമ്മാണത്തിനായി ഉപയോഗിച്ചത്. ഹരിയാണയില്‍ നിന്നുള്ള കരാര്‍ കമ്പനിയായ ‘കെസിസി’യാണ് ഈ നിർമ്മാണം നടത്തിയത്. ഏകദേശം 55,000 ലോഡ് കായല്‍ മണല്‍ ഇത്തരത്തിൽ ചട്ടങ്ങൾ ലംഘിച്ച് ഉപയോഗിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഭൂമി നികത്താന്‍ മാത്രമേ കായല്‍ മണല്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന കർശന ഉത്തരവ് നിലനിൽക്കെയാണ് ഇത് മറികടന്ന് കരാര്‍ കമ്പനി നിർമ്മാണം നടത്തിയത്. കോസ്റ്റല്‍ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന്റെ ഉത്തരവിലും കായല്‍ മണല്‍ നിർമ്മാണ പ്രവര്‍ത്തികള്‍ക്ക് യോഗ്യമല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. നാവിഗേഷന്‍ വകുപ്പ് കരാര്‍ കമ്പനിക്ക് സൗജന്യമായി കായല്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, ഇത് ഭൂമി നികത്താന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉത്തരവില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ദേശീയപാത നിർമ്മാണം അശാസ്ത്രീയമാണെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. തുറവൂര്‍ മുതല്‍ ഓച്ചിറ വരെ പലയിടങ്ങളിലായുള്ള ഉയരപ്പാതകളില്‍ നിറച്ചിരിക്കുന്നത് കായല്‍ മണ്ണാണ്. ഇതിലൂടെ കോടികളുടെ ലാഭമാണ് കരാര്‍ കമ്പനി കൊയ്തത്. ചേർത്തലയിൽ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കായല്‍ മണ്ണ് കോണ്‍ക്രീറ്റ് പാളികളിലൂടെ ഒലിച്ചിറങ്ങിയതാണ് ദേശീയ പാതയില്‍ 12 അടി താഴ്ചയുള്ള ഭീമന്‍ ഗര്‍ത്തം രൂപപ്പെടാന്‍ കാരണം എന്നാണ് വിലയിരുത്തൽ.

കായലിലെ മണല്‍ ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കുന്നു എന്ന വാര്‍ത്ത ഒരു വര്‍ഷം മുമ്പ് തന്നെ ഉത്തരവ് സഹിതം പുറത്തുവന്നിരുന്നു. ഇത് ഭാവിയില്‍ വലിയ അപകടത്തിന് കാരണമായേക്കാം എന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പൈപ്പ് പൊട്ടി മണ്ണ് ഒലിച്ചു പോയതാണ് ഗര്‍ത്തത്തിന് കാരണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പറയുമ്പോഴും, അതിൽ കായല്‍ മണലിന്റെ സാന്നിധ്യമാണ് അപകടത്തിന്റെ ആഴം കൂട്ടിയത്. നിർമ്മാണത്തിനായി വേമ്പനാട്ട് കായലില്‍ നിന്ന് മണലെടുത്തതും കടുത്ത മാനദണ്ഡ ലംഘനങ്ങളോടെയാണെന്ന വിമർശനം ഉയരുന്നുണ്ട്. മൂന്ന് മീറ്റര്‍ ആഴത്തില്‍ മണലെടുക്കാനായിരുന്നു ഇറിഗേഷന്‍ വകുപ്പ് അനുമതി നൽകിയത്. എന്നാല്‍ വ്യവസ്ഥകൾ ലംഘിച്ച് 12 മീറ്റര്‍ ആഴത്തിലാണ് ഇവിടെ നിന്ന് മണലെടുത്തിരിക്കുന്നത്. കൂടാതെ പഞ്ചായത്തിന് നൽകേണ്ട റോയല്‍റ്റി തുകയും കമ്പനി നൽകിയിട്ടില്ല. മണലെടുത്ത ശേഷം അവശേഷിച്ച ചെളി കായലില്‍ തന്നെ തള്ളിയതായും ആരോപണമുണ്ട്. ചെളി കുമിഞ്ഞുകൂടി കായല്‍ തീരം നികന്നതോടെ കണ്ണങ്കര പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടായിരിക്കുന്നത്. കക്ക വാരല്‍ അടക്കം ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തുന്ന 240 കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം പോലും ഇതോടെ വഴിമുട്ടിയ സ്ഥിതിയിലാണ്. മുൻപ്, എംഎല്‍എ പി പ്രസാദിന്റെ നേതൃത്വത്തില്‍ ജനങ്ങൾ സമരം നടത്തിയായിരുന്നു ഇവിടെ താല്‍ക്കാലികമായി മണൽ വാരൽ തടഞ്ഞത്

Previous Post Next Post