കോട്ടയം : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം ഈ മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ ആൻ്റ് ആജീവികാ മിഷൻ (വി.ബി. ഗ്രാംജി) പദ്ധതിയിൽ റബ്ബർ ടാപ്പിംഗ് തൊഴിലുകൂടി ഉൾപ്പെടുത്തണമെന്ന് കോട്ടയം ജില്ലാപ്പഞ്ചായത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. കൂലി വർദ്ധനവും, തൊഴിലാളികളുടെ ദൗർലഭ്യവും മൂലം ഇന്ന് ഭൂരിഭാഗം തോട്ടങ്ങളും ടാപ്പ് ചെയ്യാതെ കിടക്കുകയാണ്. പദ്ധതിയുടെ മൂന്നാം കാറ്റഗറിയിൽ ഗ്രാമീണ ജീവനോപാധി പ്രവൃത്തികളുടെ വിഭാഗത്തിൽ ടാപ്പിംഗ് കൂടി ഉൾപ്പെടുത്തിയാൽ റബ്ബർ കർഷകർക്ക് ആശ്വാസമാകും. സ്വയം ടാപ്പ് ചെയ്യുന്ന കർഷകർക്കും , ടാപ്പിംഗ് തൊഴിലാളികൾക്കും ഈ പദ്ധതിയിൽപ്പെടുത്തി തൊഴിൽ കാർഡ് ലഭ്യമാക്കിയാൽ പ്രതിവർഷം 125 ദിവസം 401 രൂപ വീതം ലഭിക്കും. ഇതോടെ റബ്ബർ മേഖലയാകെ സജീവമാകും. തോട്ടങ്ങൾ ടാപ്പിങ്ങില്ലാതെ കാടുകയറിയത് ജില്ലയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. റബ്ബർ തോട്ടങ്ങൾ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായി മാറി. ഇവയുടെ ആക്രമണം മൂലം കാലിവളർത്തൽ പ്രതിസന്ധിയിലായി. മറ്റു കൃഷികളും വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. വി.ബി. ഗ്രാംജി പദ്ധതിയിൽ ടാപ്പിങ് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാപ്പഞ്ചായത്ത് കേന്ദ്ര -കേരള സർക്കാരുകൾക്ക് നിവേദനം നൽകി. എം.പി.മാർ മുഖേന കേന്ദ്ര സർക്കാരിൽ ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തും. റബ്ബർ ബോർഡും വിഷയത്തിൽ അടിയന്തരമായി ഇടപെടണം. വിബി ഗ്രാംജിയിൽ ടാപ്പിങ് തൊഴിലിന് അംഗീകാരം നൽകുവാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ തൊഴിലാളികളുടെ പരിശീലനവും, ഉപകരണങ്ങൾ ലഭ്യമാക്കലുമടക്കം അനുബന്ധ പ്രവർത്തനങ്ങളുടെ സാമ്പത്തിക ചെലവ് അടക്കം ഏറ്റെടുക്കുവാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണെന്ന് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
റബ്ബർ ടാപ്പിംഗ് വി.ബി.- ഗ്രാംജി പദ്ധതിയിൽപ്പെടുത്തണം : ജില്ലാപ്പഞ്ചായത്ത്
ജോവാൻ മധുമല
0
Tags
Top Stories