തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം നെയ്യാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി. തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ കൃഷ്ണചന്ദ്രൻ (കൃഷ്‌ണേന്ദ്രൻ – 43) ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ തിരുവനന്തപുരം സ്കൂബ ഡൈവിംഗ് ടീമാണ് മൃതദേഹം കണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കടവിനോട് ചേർന്നുള്ള കടവിലായിരുന്നു അപകടം. വീടിനടുത്തുള്ള ആറിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ കൃഷ്ണചന്ദ്രൻ പെട്ടെന്ന് കയത്തിൽപ്പെടുകയും മുങ്ങിപ്പോവുകയുമായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്‌സും സ്കൂബ ടീമും ചേർന്ന് ഇന്നലെ മുതൽ വലിയ തോതിലുള്ള തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ, അപകടം നടന്ന കടവിൽ നിന്നും ഏകദേശം 600 മീറ്റർ മാറി പുഴയിൽ, വെള്ളത്തിൽ വീണുകിടന്ന ഒരു വലിയ മരത്തിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.