
തിരുവനന്തപുരം: വിമുക്തഭടന് അമിതമായി മദ്യം നൽകി മയക്കി മർദ്ദിച്ച ശേഷം ഒൻപത് പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതികൾ പോലീസ് പിടിയിലായി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, സുഹൃത്ത് പ്രകാശൻ എന്നിവരെയാണ് പോത്തൻകോട് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് മണ്ണഞ്ചേരി പോലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പോത്തൻകോട് ചന്തവിളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടകംപള്ളി ആനയറ സ്വദേശിയായ വിമുക്തഭടൻ വിധു (68) ആണ് ക്രൂരമായ മർദ്ദനത്തിനും കവർച്ചയ്ക്കും ഇരയായത്.
എട്ടുമാസമായി പരിചയത്തിലുള്ള മണക്കാട് സ്വദേശി ദീപയും മകനും സുഹൃത്തും ചേർന്ന് വിധു പുതുതായി ചന്തവിളയിൽ വാങ്ങിയ വീട് കാണാനെന്ന വ്യാജേനയാണ് എത്തിയത്. തുടർന്ന് ഇവർ കൊണ്ടുവന്ന മദ്യം വിധുവിനെ നിർബന്ധിച്ച് അമിത അളവിൽ കുടിപ്പിക്കുകയും മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു. മർദ്ദനത്തിൽ നെറ്റിയിൽ പരിക്കേറ്റ വിധുവിന്റെ ബോധം മറഞ്ഞതോടെ സംഘം കവർച്ച നടത്തി കടന്നുകളഞ്ഞു. സ്വർണമാല, ബ്രേസ്‌ലെറ്റ്, മൂന്ന് സ്വർണ മോതിരങ്ങൾ അടക്കം ഒൻപത് പവൻ സ്വർണാഭരണങ്ങളും 8,000 രൂപയുമാണ് ഇവർ കൈക്കലാക്കിയത്. കൂടാതെ എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എക്‌സ് സർവീസ് മാൻ കാർഡ്, മൊബൈൽ ഫോൺ എന്നിവ അടങ്ങിയ പേഴ്‌സും സംഘം കവർന്നു
ബോധം വീണ്ടുകിട്ടിയ വിധു ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോത്തൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. മുൻപും ഹണിട്രാപ്പ് കേസിൽ പിടിയിലായിട്ടുള്ളയാളാണ് ദീപയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ട പ്രതികൾ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിലാണ് അഭയം തേടിയത്. ഇതിനിടെ സംഘത്തിലൊരാൾ ഫോൺ ഓൺ ചെയ്തതാണ് പോലീസിന് വഴിത്തിരിവായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോത്തൻകോട് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പോലീസ് ധ്യാനകേന്ദ്രത്തിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഉടൻ തന്നെ പോത്തൻകോട് പോലീസിന് കൈമാറും.