പാമ്പാടി : - കൂരോപ്പട സർവീസ് സഹകരണ ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിലെ താൽക്കാലിക സ്വീപ്പർ ജോൽസിന തോമസും കുടുംബവും ജീവനൊടുക്കിയ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബാങ്ക് ഭരണസമിതി. ദാരുണ സംഭവത്തിന് പിന്നാലെ ബാങ്കിനെയും ജീവനക്കാരെയും ബന്ധപ്പെടുത്തി ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
മരണപ്പെട്ട ജോൽസിനയ്ക്കും ഭർത്താവിനും ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിൽ ഏതാനും ചിട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഇതല്ലാതെ ബാങ്കുമായി മറ്റ് യാതൊരുവിധ സാമ്പത്തിക ഇടപാടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ല. വസ്തുത ഇതായിരിക്കെ, ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴിയും മറ്റും പ്രചരിപ്പിക്കുന്നത്.
നാടിന്റെ വികസനത്തിൽ സ്തുത്യർഹമായ പങ്ക് വഹിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ പാമ്പാടി പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.
സഹകാരികളുടെയും നാട്ടുകാരുടെയും നിർലോഭമായ പിന്തുണയോടെയാണ് ബാങ്ക് സാമ്പത്തികസ്ഥിരത കൈവരിച്ചത്. സഹകരണ നിയമം അനുശാസിക്കുന്ന നിക്ഷേപ, വായ്പ, കരുതൽ ധന അനുപാതം ബാങ്ക് കർശനമായി പാലിക്കുന്നുണ്ട്. ഇടപാടുകാരുടെ താല്പര്യങ്ങൾ പൂർണമായും സംരക്ഷിക്കാൻ പ്രാപ്തിയുള്ള സ്ഥാപനമാണിത്. അംഗങ്ങൾക്ക് ഡിവിഡന്റ് നൽകി ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കിനെതിരായ വ്യാജപ്രചാരണങ്ങളിൽ ഇടപാടുകാർ വഞ്ചിതരാകരുതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ജോൽസിനയുടെയും കുടുംബത്തിന്റെയും ആത്മഹത്യ സംബന്ധിച്ച് അധികാരികളുടെ ഭാഗത്തുനിന്ന് സത്യസന്ധമായ അന്വേഷണം ഉണ്ടാകണം. ദുരന്തത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണമെന്നും ബാങ്ക് പ്രസിഡന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.