ദുബായ്: തിരക്കേറിയ റോഡിൽ
വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ഇന്ത്യൻ യുവതികൾക്ക് സുരക്ഷയൊരുക്കി ദുബായ് പൊലീസ്. സഹായം എത്തുന്നതുവരെ പൊലീസ് വാഹനം കാറിന് പിന്നിൽ നിർത്തി സുരക്ഷാ കവചമൊരുക്കിയ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ, പൊലീസിന്റെ മാതൃകാപരമായ സേവനസന്നദ്ധതയ്ക്കും പ്രഫഷനൽ സമീപനത്തിനും വ്യാപക പ്രശംസയാണ് ലഭിക്കുന്നത്.
സംഭവത്തിന്റെ വിഡിയോ ഖുഷി ഓസ്വാൾ എന്ന യുവതി ഇൻസ്റ്റഗ്രമിലൂടെയാണ് പങ്കുവച്ചത്. മറ്റൊരു യുവതിക്കൊപ്പം കാറിലിരിക്കെയാണ് അവർ വിഡിയോ ചിത്രീകരിച്ചത്. കനത്ത ഗതാഗതത്തിനിടെയാണ് വാഹനത്തിന്റെ ടയർ പഞ്ചറായതെന്നും, വിവരം അറിയിച്ചതിന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ പൊലീസ് സംഘവും റിക്കവറി വാഹനവും സ്ഥലത്തെത്തിയെന്നും ഖുഷി പറയുന്നു.
പുതിയ ടയറുമായി മെക്കാനിക് എത്തുന്നതുവരെ പൊലീസ് ഉദ്യോഗസ്ഥർ കാറിന് പിന്നിൽ നിലയുറപ്പിച്ച് സുരക്ഷ ഉറപ്പാക്കി. ആദ്യം പൊലീസ് വാഹനം കണ്ടപ്പോൾ ആശങ്ക തോന്നിയെങ്കിലും ഉദ്യോഗസ്ഥന്റെ സൗഹൃദപരവും കരുതലോടെയുമുള്ള പെരുമാറ്റം ഏറെ ആശ്വാസം നൽകിയെന്ന് ഖുഷിക്കൊപ്പമുണ്ടായിരുന്ന യുവതി പറഞ്ഞു. ഹിന്ദിയിലായിരുന്നു ഉദ്യോഗസ്ഥൻ സംസാരിച്ചത്. മെക്കാനിക് എത്താൻ പത്ത് മിനിറ്റെടുക്കുമെന്ന് അറിഞ്ഞതോടെ, അതുവരെ സുരക്ഷയ്ക്കായി കാറിന് പിന്നിൽ തുടരുമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
'ലോകത്തിന്റെ ഏത് ഭാഗത്തേക്ക് പോയാലും വീണ്ടും ദുബായിലേക്ക് മടങ്ങിയെത്താൻ തോന്നുന്നത് ഇവിടത്തെ സുരക്ഷിതത്വവും മികച്ച ജീവിതാന്തരീക്ഷവും കൊണ്ടാണ്' എന്ന കുറിപ്പോടെയാണ് ഖുഷി വിഡിയോ പങ്കുവച്ചത്.
"വനിതകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമാണ് ദുബായ്' എന്ന അടിക്കുറിപ്പും വിഡിയോയ്ക്കൊപ്പമുണ്ട്.