തലസ്ഥാനത്ത് ഗതാഗത തടസ്സമുണ്ടാക്കി വഴിതടഞ്ഞ് സമരം ചെയ്ത കേസിൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി.പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്ന് പേർക്ക് കോടതിയുടെ അപൂർവ ശിക്ഷ. കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിലകൊള്ളാനായിരുന്നു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസിന്റെ ഉത്തരവ്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിന് പുറമെ പ്രതികൾ 1600 രൂപ പിഴയായും ഒടുക്കി.
സിഐടിയു നേതാക്കൾ ആയ പി. എം. വഹീദ, എൻ. കെ. രാമചന്ദ്രൻ എന്നിവരാണ് മറ്റുള്ളവർ. 2025 ജനുവരി 17നാണ് സംഭവം നടന്നത്. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കി വഴി തടഞ്ഞു പ്രകടനം നടത്തി. സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക അവരുടെ ശമ്പളം പരിഷ്ക്കരിക്കുക എന്നിവ ആയിരുന്നു സമരത്തിലെ ആവശ്യങ്ങൾ.